ബോളിവുഡ് താരം സല്‍മാന്‍ ഖാന് തിരിച്ചടി. കൃഷ്‌ണമൃഗത്തെ വേട്ടയാടിയ കേസിലാണ് സല്‍മാന്‍ ഖാനെതിരെ സുപ്രീംകോടതിയുടെ അപ്രതീക്ഷിതനീക്കം ഉണ്ടായത്. സല്‍മാന്‍ ഖാന്റെ തടവുശിക്ഷ സ്‌റ്റേ ചെയ്ത രാജസ്ഥാന്‍ ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി റദ്ദാക്കുകയായിരുന്നു.
1998ലായിരുന്നു കേസിന് ആധാരമായ സംഭവം നടന്നത്. രാജസ്ഥാനില്‍ സിനിമാഷൂട്ടിംഗ് നടക്കുന്നതിനിടെ കൃഷ്‌ണമൃഗത്തെ വേട്ടയാടി കൊന്നുവെന്നാണ് സല്‍മാന്‍ ഖാന് എതിരെയുള്ള കേസ്. കേസില്‍ രാജസ്ഥാന്‍ കോടതി സല്‍മാന്‍ ഖാന് അഞ്ചുവര്‍ഷം തടവുശിക്ഷ വിധിച്ചിരുന്നു. എന്നാല്‍ , 2013ല്‍ ശിക്ഷ രാജസ്ഥാന്‍ ഹൈക്കോടതി സ്‌റ്റേ ചെയ്തിരുന്നു.
ഹൈക്കോടതി ഉത്തരവിനെതിരെ രാജസ്ഥാന്‍ സര്‍ക്കാരാണ് സുപ്രീംകോടതിയെ സമീപിച്ചത്. രാജസ്ഥാന്‍ സര്‍ക്കാരിന്റെ ഹര്‍ജി പരിഗണിച്ച സുപ്രീംകോടതി രാജസ്ഥാന്‍ ഹൈക്കോടതി നടപടി റദ്ദു ചെയ്യുകയായിരുന്നു.
രാജസ്ഥാന്‍ കോടതി തടവുശിക്ഷ വിധിച്ചതിനാല്‍ സല്‍മാന്‍ ഖാന് ബ്രിട്ടണ്‍ വിസ നിഷേധിച്ചിരുന്നു. എന്നാല്‍ പിന്നീട് ഹൈക്കോടതി ശിക്ഷ സ്‌റ്റേ ചെയ്തതോടെ സിനിമാഷൂട്ടിനു വേണ്ടി സല്‍മാന് ബ്രിട്ടണിലേക്ക് പോകാന്‍ അവസരം ലഭിച്ചിരുന്നു. എന്നാല്‍ ,ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി റദ്ദാക്കിയതോടെ ബ്രിട്ടണ്‍ യാത്ര വീണ്ടും മുടങ്ങിയിരിക്കുകയാണ്.