ആര്‍ ജെ ഡി അധ്യക്ഷനും നിതീഷ് കുമാര്‍ സര്‍ക്കാറിലെ സഖ്യകക്ഷി നേതാവുമായ ലാലുപ്രസാദ് യാദവ് ഉള്‍പ്പെട്ട കാലിത്തീറ്റ കുംഭകോണ കേസിലെ സുപ്രധാന ഫയലുകള്‍ കാണാതായി. ബീഹാര്‍ ആനിമല്‍ ആന്റ് ഫിഷറീസ് റിസോഴ്‌സസ് വകുപ്പില്‍ നിന്ന് അഞ്ഞൂറോളം ഫയലുകളാണ് കാണാതായിരിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് പട്‌ന സെക്രട്ടേറിയേറ്റ് പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തു.
ഫയലുകള്‍ കാണാതായതോടെ പ്രതിപക്ഷ പാര്‍ട്ടികള്‍ വ്യാപക പ്രതിഷേധവുമായി രംഗത്തെത്തി. ലാലുപ്രസാദ് യാദവിനെ രക്ഷിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഇത്തരമൊരു സംഭവം നടന്നതെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് ബി ജെ പി നേതാവ് നിതിന്‍ നവീന്‍ ചോദിച്ചു. ലാലുവിനെ എന്തിനാണ് സംരക്ഷിക്കുന്നതെന്ന് നിതീഷ് കുമാര്‍ വ്യക്തമാക്കണമെന്ന് നിതിന്‍ പറഞ്ഞു. സംസ്ഥാനത്തിന്റെ ഭാവിയെ ബാധിക്കുന്നതാണ് നിതീഷ് കുമാറിന്റെ നടപടികളെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
ബീഹാര്‍ മുഖ്യമന്ത്രിയായിരിക്കെ ലാലുപ്രസാദ് യാദവ് 1990 മുതല്‍ 97 വരെയുള്ള കാലയളവില്‍ ആനിമല്‍ ഹസ്ബന്‍ട്രി വകുപ്പില്‍ നിന്ന് വിവിധ ജില്ലകളിലായി ആയിരം കോടിയോളം രൂപ അനധികൃതമായി പിന്‍വലിച്ചു എന്നതാണ് കേസ്. ഇതുമായി ബന്ധപ്പെട്ട കേസില്‍ 2013 ല്‍ റാഞ്ചിയിലെ പ്രത്യേക സി ബി ഐ കോടതി അഞ്ച് വര്‍ഷം ശിക്ഷ വിധിച്ചിരുന്നു. പിന്നീട് ലാലു പ്രസാദ് യാദവിന് സുപ്രീം കോടതിയില്‍ നിന്നും ജാമ്യം ലഭിക്കുകയായിരുന്നു.