ഇന്ധന സംരക്ഷണ പ്രചാരണവുമായി പെട്രോളിയം മന്ത്രി വീരപ്പമൊയ്‌ലിയും സംഘവും ബസില്‍ അല്ലെങ്കില്‍ മെട്രോ ട്രെയിനില്‍ യാത്ര ചെയ്യും. എല്ലാ ദിവസവുമല്ല ബുധനാഴ്ചകളില്‍ മാത്രം.
അടുത്ത ഒമ്പതിന് ബുധനാഴ്ച മന്ത്രിയുടെ ആദ്യ ബസ് യാത്രയ്ക്കു തുടക്കമാകും. എണ്ണ ഇറക്കുമതി ബില്‍ 500 കോടി ഡോളര്‍ കവിഞ്ഞ സാഹചര്യത്തിലാണ് ചെലവു കുറയ്ക്കല്‍ പ്രചാരണവുമായി മന്ത്രി തന്നെ നേരിട്ടിറങ്ങുന്നത്.
മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരും എണ്ണക്കമ്പനി ഉദ്യോഗസ്ഥരും ബുധനാഴ്ചകളില്‍ ബസിലായിരിക്കും സഞ്ചരിക്കുകയെന്ന് പ്രഖ്യാപിക്കുകയും ചെയ്തു.
ആഴ്ചയില്‍ ഒരുദിനം ബസ്ഡേ ആയി പ്രഖ്യാപിച്ച് ബസില്‍ യാത്ര ചെയ്യാന്‍ തയാറാകണമെന്ന് മുഖ്യമന്ത്രിമാരോടും കേന്ദ്രമന്ത്രിമാരോടും പൊതുമേഖലാ മേധാവികളോടും അദ്ദേഹം ആഹ്വാനം ചെയ്തു.
റോഡിലെ തിരക്കും തടസവും ഒഴിവാക്കാന്‍ സര്‍ക്കാര്‍ ജീവനക്കാരുടെ ഓഫീസ് സമയം ക്രമീകരിക്കാന്‍ പഴ്സണേല്‍ വകുപ്പിനോടു മന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. കൂടാതെ ഇന്ധനം ലാഭിക്കാന്‍ തെരഞ്ഞെടുക്കപ്പെട്ട പട്ടണങ്ങളില്‍ ജീവനക്കാര്‍ക്ക് സൗജന്യമായി സൈക്കിള്‍ നല്‍കുന്ന പദ്ധതി ആവിഷ്കരിക്കാന്‍ നടപടി സ്വീകരിക്കണമെന്നു നഗരവികസന മന്ത്രിയോട് അദ്ദേഹം അഭ്യര്‍ഥിച്ചു.
കായിക താരങ്ങളായ വിരാട് കോഹ്ലിയേയും സൈന നേവാളിനെയും മോഡലുകളാക്കി ഇന്ധന ലാഭ പ്രചാരണത്തിന് അടുത്തമാസം പെട്രോളിയം മന്ത്രാലയം തുടക്കമിടും.