കാമസൂത്ര വീണ്ടും വിവാദത്തില്‍: രൂപേഷ് പോള്‍ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന് ഷെര്‍ലിന്‍ ചോപ്ര

Webdunia
വ്യാഴം, 30 ജനുവരി 2014 (20:42 IST)
PRO
PRO
കാമസൂത്ര വീണ്ടും വിവാദത്തില്‍. സംവിധായകനായ രൂപേഷ് പോള്‍ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് ചിത്രത്തിലെ നായിക ഷെര്‍ലിന്‍ ചോപ്ര പരാതി നല്‍കി. രൂപേഷ് പോള്‍ വഞ്ചിച്ചെന്നും ലൈംഗികമായി ചൂഷണം ചെയ്യാന്‍ ശ്രമിച്ചെന്നുമാണ് ആരോപണം‍. പരാതി സ്വീകരിച്ച് മുംബൈ സാന്താക്രൂസ് പൊലീസ് അന്വേഷണം തുടങ്ങി.

വിവാദങ്ങളുടെ നായികയായ ഷെര്‍ലിന്‍ ചോപ്രയുടെ ആദ്യബോളിവുഡ് സംരംഭമാണ് കാമസൂത്ര. നേരത്തെ ചിത്രത്തില്‍ നിന്നും പിന്മാറിയതായി ട്വിറ്ററിലൂടെ നടി അറിയിച്ചിരുന്നു. മുമ്പ് കാമസൂത്രയുടെ സെറ്റില്‍ ഷെര്‍ലിന്‍ നഗ്നയായിരിക്കുന്ന ചിത്രങ്ങള്‍ ഷെര്‍ലിന്‍ തന്നെ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത് വൈറലായിരുന്നു. കൂടാതെ സംവിധായകനെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന പ്രയോഗങ്ങളും അസഭ്യവാക്കുകളും നിറഞ്ഞ ട്വീറ്റും ഷെര്‍ലിന്‍ നടത്തി. ഇതിനുശേഷമാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്.

തന്നോട് ലൈംഗികമായി ബന്ധപ്പെടാന്‍ നിര്‍ബന്ധിച്ചെന്നും എതിര്‍ത്തപ്പോള്‍ ഭീഷണിപ്പെടുത്തിയെന്നുമാണ് നടിയുടെ പരാതി. സംവിധായകന്റെ ആവശ്യത്തിന് സഹകരിച്ചില്ലെങ്കില്‍ ബാക്കി പ്രതിഫലം നല്‍കില്ലെന്നും ഷെര്‍ലിന് പകരം മറ്റൊരു നടിയെ അഭിനയിപ്പിച്ച് ഷെര്‍ലിന്റെ നഗ്ന ചിത്രങ്ങളും വീഡിയോയും അശ്ലീല സൈറ്റുകളുടെ അന്താരാഷ്ട്ര വിപണികളില്‍ അയച്ചുകൊടുക്കുമെന്നും ഭീഷണിപ്പെടുത്തി.

ബാക്കി തുകയായി ഏഴ് ലക്ഷം രൂപ കിട്ടാനുണ്ടെന്നും സംഭവത്തില്‍ സംവിധായകന്‍ രൂപേഷ് പോളിനെതിരെ കേസെടുക്കണമെന്നും നടപടികള്‍ സ്വീകരിക്കണമെന്നുമാണ് ഷെര്‍ലിന്റെ വാദം.