കസബിന്റെ വിധി തിങ്കളാഴ്ച?

Webdunia
ശനി, 5 ഫെബ്രുവരി 2011 (18:19 IST)
PTI
വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പാക് ഭീകരന്‍ അജ്മല്‍ അമീര്‍ കസബ് മുംബൈ ഹൈക്കോടതിയില്‍ നല്‍കിയ അപ്പീലില്‍ ഫെബ്രുവരി ഏഴിന് വിധി വന്നേക്കും. 166 പേരുടെ മരണത്തിനിടയാക്കിയ മുംബൈ ഭീകരാക്രമണ കേസില്‍ ജീവനോടെ പിടിക്കപ്പെട്ട ഏക ഭീകരനാണ് കസബ്.

രാജ്യത്തെ പിടിച്ചുകുലുക്കിയ കേസില്‍ 2010 മെയ് ഏഴിനാണ് പ്രത്യേക കോടതി ജഡ്ജി എം എല്‍ തഹിലിയാനി വധശിക്ഷ വിധിച്ചത്. കൊലപാതകം, ഗൂഢാലോചന, രാജ്യത്തിനെതിരായ യുദ്ധം, ഭീകരപ്രവര്‍ത്തനം, നിയമവിരുദ്ധ നടപടികള്‍ എന്നിങ്ങനെയുള്ള കുറ്റങ്ങളായിരുന്നു കസബിനുമേല്‍ ചുമത്തിയിരുന്നത്.

സംഭവം നടന്ന് 26 മാസങ്ങള്‍ക്ക് ശേഷമാണ് ഹൈക്കോടതി അപ്പീല്‍ ഹര്‍ജിയില്‍ വിധിപറയാന്‍ ഒരുങ്ങുന്നത്. കേസ് പുനര്‍വിചാരണ ചെയ്യണമെന്നും കസബ് ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. തനിക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെന്ന കസബിന്‍റെ വാദം ഹൈക്കോടതി തള്ളിയിരുന്നു. ആര്‍തര്‍ റോഡ് ജയിലിലാണ് ഈ 23 കാരനെ പാര്‍പ്പിച്ചിരിക്കുന്നത്.

വധശിക്ഷ ശരിവയ്ക്കണമോ വേണ്ടയോ എന്ന കേസില്‍ ബോംബെ ഹൈക്കോടതിയില്‍ നടന്ന വിചാരണയില്‍ നേരിട്ട് പങ്കെടുക്കണം എന്ന ആവശ്യം നിഷേധിച്ചതു മുതല്‍ കസബ് വീഡിയോ കോണ്‍ഫറന്‍സിംഗില്‍ പങ്കെടുത്തിരുന്നില്ല. വീഡിയോ കോണ്‍ഫറന്‍സിങ്ങിനിടെ കസബ് വീഡിയോ ക്യാമറയില്‍ തുപ്പിയതായി വാര്‍ത്ത വന്നിരുന്നു.