കഴിഞ്ഞ പത്തുവര്‍ഷത്തിനുള്ളില്‍ രാജ്യത്ത് ആത്മഹത്യ ചെയ്തത് മൂന്നുലക്ഷം കര്‍ഷകര്‍

Webdunia
വെള്ളി, 24 ഏപ്രില്‍ 2015 (09:05 IST)
കഴിഞ്ഞ പത്തുവര്‍ഷത്തിനുള്ളില്‍ മുന്നുലക്ഷം കര്‍ഷകര്‍ രാജ്യത്ത് ആത്മഹത്യ ചെയ്തെന്ന് റിപ്പോര്‍ട്ട്.  ഈ വര്‍ഷം മാത്രം ജനുവരി മുതല്‍ മാര്‍ച്ച് വരെ മഹാരാഷ്‌ട്രയില്‍ ആത്മഹത്യ ചെയ്തത്​ 622 കര്‍ഷകര്‍. ഇതില്‍ 448 പേരും വിദര്‍ഭ മേഖലയില്‍ നിന്നുള്ളവരാണ്.
 
ദേശീയ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ ആണ്  ഈ കണക്കുകള്‍ പുറത്തുവിട്ടിരിക്കുന്നത്.  1995 മുതല്‍ 2014 വരെ ഇന്ത്യയിലാകെ ജീവനൊടുക്കിയ കര്‍ഷകരുടെ എണ്ണം 296438 ആണ്.  ജീവനൊടുക്കുന്ന കര്‍ഷകരുടെ എണ്ണം 2011നെ അപേക്ഷിച്ച് ഇപ്പോള്‍ 47 ശതമാനം വര്‍ധിച്ചു.
 
രാജ്യത്ത് ഒമ്പത് സംസ്ഥാനങ്ങളിലാണ് കര്‍ഷക ആത്മഹത്യ ഏറ്റവും കൂടുതല്‍. മഹാരാഷ്ട്ര, കര്‍ണ്ണാടക, ആന്ധ്രാ പ്രദേശ്​, ചണ്ഡിഗഢ്​, മധ്യപ്രദേശ്​, ഗുജറാത്ത്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുതല്‍ കര്‍ഷക ആത്മഹത്യ നടക്കുന്നത്.

കടബാധ്യത, കാലാവസ്ഥ വ്യതിയാനം, വിളനഷ്‌ടം, വിലയിടിവ്, ചെലവു വര്‍ദ്ധന എന്നിങ്ങനെ നിരവധി പ്രശ്നങ്ങളാണ് കര്‍ഷകര്‍ നേരിടുന്നത്.