കല്‍ക്കരിപ്പാടം കൈമാറ്റം സംബന്ധിച്ച ഫയലുകള്‍ കാണാതായ സംഭവത്തില്‍ പാര്‍ലമെന്റിന്റെ ഇരുസഭകളിലും ബഹളം. പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് ലോക്‌സഭ 12 മണി വരെ നിര്‍ത്തിവെച്ചിരുന്നു. സംഭവത്തില്‍ പ്രധാനമന്ത്രി പ്രസ്താവന നടത്തണമെന്ന് അരുണ്‍ ജെയ്റ്റ്‌ലി ആവശ്യപ്പെട്ടു.
1993 മുതല്‍ 2004 വരെയുള്ള കല്‍ക്കരിപ്പാടം അഴിമതിയുമായി ബന്ധപ്പെട്ട ഫയലുകളാണ് കാണാതായിരിക്കുന്നത്. പ്രധാനമന്ത്രി കല്‍ക്കരി വകുപ്പ് മന്ത്രിയായിരുന്ന കാലത്തെ ഫയലുകളാണ് ഇവ. കല്‍ക്കരിപ്പാടം ഫയല്‍ കാണാതായതില്‍ പ്രധാനമന്ത്രി മറുപടി പറയണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രതിപക്ഷബഹളത്തെ തുടര്‍ന്ന് ചൊവ്വാഴ്ച്ച പാര്‍ലമെന്റിന്റെ ഇരുസഭകളും തടസ്സപ്പെട്ടിരുന്നു.
ഐക്യആന്ധ്രയ്ക്ക് വേണ്ടി നിലകൊളളുന്ന ടിഡിപി എംപിമാര്‍ ഇതുവരെ പ്രതിഷേധത്തില്‍ നിന്നും പിന്മാറിയിട്ടില്ല. കൂടാതെ വിലക്കയറ്റത്തിലുള്ള പ്രതിപക്ഷ പ്രതിഷേധവും സര്‍ക്കാറിനെ പ്രതിരോധത്തിലാക്കുന്നുണ്ട്. പാര്‍ലമെന്റ് സമ്മേളനം സമാപിക്കാന്‍ ഏതാനും ദിവസങ്ങള്‍ മാത്രം അവശേഷിക്കെ ഇനിയും വൈകിയാല്‍ ബില്‍ പാസാക്കാന്‍ കഴിയില്ലെന്ന് ആശങ്കയും കോണ്‍ഗ്രസിനുണ്ട്. ഹരിയാന, ഡല്‍ഹി തുടങ്ങി കോണ്‍ഗ്രസ്സ് ഭരിക്കുന്ന ഏതാനും സംസ്ഥാനങ്ങളില്‍ പദ്ധതിക്ക് തുടക്കമായിട്ടുണ്ട്.
ഭക്ഷ്യ സുരക്ഷാ ബില്ലില്‍ സാദ്ധ്യമായ കാര്യങ്ങളില്‍ പ്രതിപക്ഷവുമായി ചര്‍ച്ചയാകാമെന്ന നിലപാടാണ് കോണ്‍ഗ്രസിനുളളത്. നിലവില്‍ പ്രതിപക്ഷം ബില്ലില്‍ നിരവധി ഭേദഗതികള്‍ ആവശ്യപ്പെടുന്നുണ്ടെങ്കിലും സാദ്ധ്യമായ ഭേദഗതികള്‍ അംഗീകരിക്കാമെന്ന് പാര്‍ലമെന്റെ്‌റികാര്യ മന്ത്രി കമല്‍ നാഥ് നേരത്തെ പറഞ്ഞിരുന്നു. ഭക്ഷ്യസുരക്ഷാ ബില്‍ രാജ്യത്തെ ആകെ ജനസംഖ്യയുടെ 67 ശതമാനം പേര്‍ക്കും ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നതാണ് ബില്‍. ബില്ലില്‍ വ്യവസ്ഥ ചെയ്യുന്ന പ്രയോറിറ്റി (മുന്‍ഗണന) വിഭാഗത്തില്‍പ്പെടുന്ന കുടുംബത്തിലെ ഒരാള്‍ക്ക് സബ്‌സിഡി നിരക്കില്‍ ഏഴു കിലോ ഭക്ഷ്യ ധാന്യം വരെ ലഭിക്കും. മൂന്നു രൂപക്ക് അരിയും രണ്ടു രൂപക്ക് ഗോതമ്പും ഒരു രൂപക്ക് ധാന്യങ്ങളും ലഭിക്കും. ജനറല്‍ വിഭാഗത്തില്‍ പെടുന്ന കുടുംബങ്ങള്‍ക്ക് മൂന്നു കിലോ ഭക്ഷ്യധാന്യങ്ങളായിരിക്കും ലഭിക്കുക. സബ്‌സിഡി തുകയുടെ പകുതി നല്‍കി വേണം ജനറല്‍ വിഭാഗത്തില്‍പെടുന്നവര്‍ ഭക്ഷ്യ വസ്തുക്കള്‍ വാങ്ങാന്‍. ബില്‍ വ്യവസ്ഥകള്‍ പ്രാബല്യത്തില്‍ വന്നാല്‍ 60.74 മില്യണ്‍ ടണ്‍ ഭക്ഷ്യധാന്യം വിതരണത്തിനായി കേന്ദ്ര സര്‍ക്കാരിന് കണ്ടെത്തേണ്ടി വരും