കര്‍ണാടക ബന്ദ് അക്രമാസക്തം

Webdunia
ശനി, 22 ജനുവരി 2011 (17:05 IST)
മുഖ്യമന്ത്രി യദ്യൂരപ്പയെ വിചാരണ ചെയ്യാന്‍ അനുമതി നല്‍കിയതിനെ തുടര്‍ന്ന് കര്‍ണാടകയില്‍ ബിജെപി ആഹ്വാനം ചെയ്ത ബന്ദില്‍ പരക്കെ അക്രമം. പ്രതിഷേധക്കാര്‍ മൂന്ന് ബസുകള്‍ കത്തിക്കുകയും മുപ്പതോളം വാഹനങ്ങള്‍ തകര്‍ക്കുകയും ചെയ്തു. അക്രമ സംഭവങ്ങളെ തുടര്‍ന്ന് ബാംഗ്ലൂര്‍ നഗരത്തില്‍ രണ്ട് ദിവസത്തേക്ക് നിരോധനാജ്ഞ പുറപ്പെടുവിച്ചിരിക്കുകയാണ്.

ദാവണ്‍ഗരെയിലാണ് രണ്ട് ബസുകള്‍ കത്തിച്ചത്. ബാംഗ്ലൂരിലാണ് മറ്റൊരു ബസ് കത്തിച്ചത്. കെ ആര്‍ പുരത്ത് പ്രകടനക്കാര്‍ ടയര്‍ കത്തിച്ചാണ് തെരുവില്‍ പ്രകടനം നടത്തിയത്.

സംസ്ഥാനത്തെ മിക്ക വിദ്യാഭ്യാസ സ്ഥാപനങ്ങളും അടഞ്ഞു കിടന്നു. വാഹനങ്ങള്‍ നിരത്തിലിറങ്ങാത്തതിനാല്‍ ആയിരക്കണക്കിനു യാത്രക്കാരാണ് ബസ്സ്റ്റേഷനുകളിലും റയില്‍‌വെ സ്റ്റേഷനുകളിലും അകപ്പെട്ടത്. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് ബന്ദ്.

രാവിലെ കര്‍ണാടക സര്‍ക്കാര്‍ ബസുകള്‍ സര്‍വീസ് ആരംഭിച്ചു എങ്കിലും പ്രതിഷേധക്കാര്‍ പലയിടത്തും കല്ലേറ് നടത്തിയതിനാല്‍ പത്ത് മണിയോടെ എല്ലാ സര്‍വീസുകളും പിന്‍‌വലിച്ചു. കടകമ്പോളങ്ങള്‍ മിക്കതും അടഞ്ഞു കിടന്നതും ജനജീവിതം ദുസ്സഹമാക്കി.

സംസ്ഥാനത്തെ 30 ജില്ലകളിലും ബിജെപി പടുകൂറ്റന്‍ റാലികള്‍ നടത്തുകയാണ്. യദ്യൂരപ്പയുടെ ഷിമോഗ ജില്ലയില്‍ ട്രെയിന്‍ ഗതാഗതം അരമണിക്കൂറോളം സ്തംഭിച്ചു.