കരാറിന് തയ്യാര്‍: യു എസ്

Webdunia
വ്യാഴം, 6 ഡിസം‌ബര്‍ 2007 (11:22 IST)
WD
ഇന്തോ-യുഎസ് ആണവ സഹകരണ കരാറിന്‍റെ തുടര്‍ നടപടികള്‍ക്ക് എപ്പോള്‍ വേണമെങ്കിലും തയ്യാറാണെന്ന് അമേരിക്ക. ഇതിനായി ഇന്ത്യന്‍ സര്‍ക്കാരിന്‍റെ തയ്യാറെടുപ്പുകള്‍ മാത്രമാണ് ബാക്കിയെന്നും അമേരിക്കന്‍ വിദേശകാര്യമന്ത്രാലയം വെളിപ്പെടുത്തി.

ഇന്ത്യന്‍ രാഷ്ട്രീയ നേതാക്കള്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടതുണ്ട്. നേതാക്കളുടെ അവകാശത്തെയും ആവശ്യങ്ങളെയും മാനിക്കുന്നു. എന്നാല്‍, ഇന്ത്യയുടെ സമ്മതം ലഭിച്ചാലുടന്‍ കരാറുമായി മുന്നോട്ട് പോവാന്‍ തയ്യാറാണെന്ന് അമേരിക്കന്‍ വിദേശകാര്യ വക്താവ് ടോം കാസെ പറഞ്ഞു.

ഇരു രാജ്യങ്ങളുടെയും താല്‍പ്പര്യങ്ങള്‍ക്ക് അനുസൃതമായതും അന്തരാഷ്ട്ര ആണവ നിര്‍വ്യാപനത്തെ ശരി വയ്ക്കുന്നതും ആയതിനാല്‍ കരാര്‍ പൂത്തിയാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും ഇന്ത്യയുമായുള്ള ബന്ധത്തിന് അമേരിക്ക കൂടുതല്‍ പ്രാധാന്യം നല്‍കുന്നു എന്നും അമേരിക്കന്‍ വിദേശകാ‍ര്യ വക്താവ് പറഞ്ഞു.

ഇന്ത്യയ്ക്ക് പ്രത്യേകമായ രാഷ്ട്രീയ പ്രക്രിയകള്‍ പൂര്‍ത്തിയാക്കാനുണ്ട്.കരാറിന്‍റെ പരിണിത ഫലമോ നടപ്പാക്കുന്ന സമയമോ കണക്കിലെടുക്കാതെ അമേരിക്ക ഇന്ത്യയുമായുള്ള ബന്ധം വളര്‍ത്താനുള്ള ശ്രമം തുടരും എന്നും കാസേ നടത്തിയ പ്രസ്താവനയില്‍ പറയുന്നു.