കരസേനാ മേധാവിയെ മാറ്റില്ലെന്ന് പ്രതിരോധമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. ലോക്സഭയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. സര്‍ക്കാര്‍ തീരുമാനത്തില്‍ മാറ്റമില്ല. ദല്‍ബീര്‍ സിംഗ് സുഹാഗ് തന്നെയായിരിക്കും കരസേനാമേധാവി - അരുണ്‍ ജെയ്റ്റ്‌ലി അറിയിച്ചു. കരസേനാ മേധാവിയെ രൂക്ഷമായി വിമര്‍ശിച്ച് മുന്‍ കരസേനാ മേധാവിയും കേന്ദ്ര സഹമന്ത്രിയുമായ വി കെ സിംഗ് രംഗത്തെത്തിയിരുന്നു. വി കെ സിംഗ് രാജിവയ്ക്കണമെന്ന ആവശ്യവുമായി പ്രതിപക്ഷം സഭയില്‍ ബഹളം വയ്ക്കുകയും ചെയ്തു. ഈ പശ്ചാത്തലത്തിലാണ് പ്രതിരോധമന്ത്രിയുടെ വിശദീകരണം.
സേനയെക്കുറിച്ച് രാഷ്ട്രീയ ആരോപണങ്ങള്‍ ഉന്നയിക്കുന്നതില്‍ നിന്ന് എല്ലാവരും പിന്‍മാറണം. പ്രതിരോധവകുപ്പില്‍ രാഷ്ട്രീയം കലര്‍ത്തില്ല. കരസേനാ മേധാവിയെ മാറ്റില്ല - അരുണ്‍ ജെയ്റ്റ്‌ലി അറിയിച്ചു.
നിരപരാധികളെ കൊന്നൊടുക്കുകയും കൊള്ളയടിക്കുകയും ചെയ്ത സൈനിക യൂണിറ്റിന്‍റെ മേധാവിയാണ് പുതിയ കരസേനാ മേധാവിയെന്ന് വി കെ സിംഗ് ട്വിറ്ററില്‍ കുറിച്ചിരുന്നു. സുഹാഗിനെ എന്തിനാണ് സംരക്ഷിക്കാന്‍ ശ്രമിക്കുന്നതെന്ന് അദ്ദേഹം ട്വീറ്റില്‍ ചോദിച്ചു. സുഹാഗിനെപ്പോലെയുള്ളവര്‍ സംരക്ഷിക്കപ്പെട്ടാല്‍ കുറ്റവാളികള്‍ രക്ഷപെടാനുള്ള സാഹചര്യം ഉണ്ടാകുമെന്നും വി കെ സിംഗ് ചൂണ്ടിക്കാട്ടി. സുഹാഗിന്‍റെ നേതൃത്വത്തിലുള്ള സൈനിക വിഭാഗം വടക്കുകിഴക്കന്‍ മേഖലയില്‍ കൂട്ടക്കൊല നടത്തിയെന്ന ആരോപണത്തെ തുടര്‍ന്നാണ് വി കെ സിംഗ് ട്വീറ്റ് ചെയ്തിരിക്കുന്നത്.
വി കെ സിംഗ് കരസേനാ മേധാവിയായിരിക്കെ സുഹാഗിനെതിരെ അച്ചടക്ക നടപടി സ്വീകരിച്ചിരുന്നു. അച്ചടക്ക നടപടി നേരിട്ട സുഹാഗിന് സ്ഥാനക്കയറ്റം നല്‍കരുതെന്ന് ആവശ്യപ്പെട്ട് ഹര്‍ജിയും സമര്‍പ്പിച്ചിരുന്നു. എന്നാല്‍ സുഹാഗിന് അനുകൂലമായ നിലപാടാണ് സുപ്രീംകോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചത്. വി കെ സിംഗിന്‍റെ നടപടി ബാഹ്യതാത്പര്യപ്രകാരമാണെന്ന് അന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.