കനത്ത ഭൂചലനം, സുനാമി മുന്നറിയിപ്പ്

Webdunia
ബുധന്‍, 11 ഏപ്രില്‍ 2012 (14:48 IST)
PRO
ഇന്ത്യയില്‍ പലയിടത്തും കനത്ത ഭൂചലനം. ഉച്ചയ്ക്ക് ശേഷം 2.25നായിരുന്നു ഭൂചലനമനുഭവപ്പെട്ടത്. കേരളത്തില്‍ കോട്ടയത്തും കൊച്ചിയിലും കോഴിക്കോട്ടും ഭൂചലനമുണ്ടായി. ചെന്നൈയില്‍ ചേത്പേട്ട്, കോടമ്പാക്കം, നുങ്കമ്പാക്കം, ഗിണ്ടി, രാമാപുരം തുടങ്ങിയ മേഖലകളില്‍ ശക്തമായ ഭൂചലനമുണ്ടായി.

ഭൂചലനത്തെ തുടര്‍ന്ന് ഓഫീസുകളില്‍ നിന്ന് ജീവനക്കാര്‍ പുറത്തേക്കോടി. ബഹുനിലക്കെട്ടിടങ്ങളില്‍ നിന്ന് ജീവനക്കാര്‍ ഉടന്‍ തന്നെ പുറത്തെത്തി. 10 സെക്കന്‍റിലധികം സമയം നീണ്ടുനിന്ന ചലനമാണുണ്ടായത്. ചെന്നൈയില്‍ ഉണ്ടായ ഏറ്റവും വലിയ ഭൂചലനമാണിതെന്നാണ് വിവരം.

കൊച്ചിയില്‍ ഭൂചലനം അഞ്ചു സെക്കന്‍ഡ്‌ നീണ്ടുനിന്നു. കോട്ടയത്ത്‌ തുടര്‍ചലനങ്ങള്‍ ഉണ്ടായി. കൂടം‌കുളം ആണവനിലയത്തിനെതിരെ പ്രക്ഷോഭം നടക്കുന്ന സാഹചര്യത്തിലാണ് ചെന്നൈയില്‍ ഭൂചലനം അനുഭവപ്പെട്ടിരിക്കുന്നത്.

സുമാത്രയില്‍ കനത്ത ഭൂചലനമുണ്ടായതായി റിപ്പോര്‍ട്ടുണ്ട്. സുമാത്രയില്‍ റിക്ടര്‍ സ്കെയിലില്‍ 8.9 രേഖപ്പെടുത്തി. ആസാമിലെ ഗുവാഹത്തിയിലും ഭൂചലനം അനുഭവപ്പെട്ടു.