ഐആര്‍എന്‍എസ്‌എസ്‌ 1 ബി ഉപഗ്രഹം ഇന്ന്‌ കുതിച്ചുയരും

വെള്ളി, 4 ഏപ്രില്‍ 2014 (14:42 IST)
PRO
സ്വന്തമായി ഗതിനിര്‍ണയ സംവിധാനം വികസിപ്പിക്കാനുള്ള ഇന്ത്യയുടെ പ്രതീക്ഷകളുമായി ഐആര്‍എന്‍എസ്‌എസ്‌ 1 ബി ഉപഗ്രഹം ഇന്ന്‌ പി എസ്‌ എല്‍ വി സി 24ല്‍ കുതിച്ചുയരും. ശ്രീഹരിക്കോട്ടയിലെ സതീഷ്ധവാന്‍ സ്പേസ്‌ സെന്ററില്‍ വൈകിട്ട്‌ 5.14നാണു വിക്ഷേപണം.

1432 കിലോഭാരം. സേവനകാലം 10 വര്‍ഷം. കുതിച്ചുയര്‍ന്ന്‌ 19 മിനിറ്റും 43 സെക്കന്‍ഡും പിന്നിടുമ്പോള്‍ ഭ്രമണപഥത്തിലെത്തും. പിന്നീട്‌ ഘട്ടം ഘട്ടമായി ഭ്രമണപഥം വികസിപ്പിച്ചാണ്‌ ഉപഗ്രഹത്തെ നിര്‍ദിഷ്ട ഭ്രമണപഥത്തിലെത്തിക്കുക. ഏഴ്‌ ഉപഗ്രഹ പരമ്പരയിലെ രണ്ടാമത്തേതാണിത്‌.

നാല്‌ ഉപഗ്രഹങ്ങളുടെ വിക്ഷേപണം പൂര്‍ത്തിയായാല്‍ ഗതി നിര്‍ണയ സംവിധാനം പ്രവര്‍ത്തനക്ഷമമാകും. കടല്‍, കര, വ്യോമഗതാഗതം, ദുരന്തനിവാരണം, മൊബൈല്‍ ഫോണ്‍ വഴിയുള്ള ഗതാഗത നിയന്ത്രണം, മാപ്പിങ്‌ തുടങ്ങി ഒട്ടേറെ കാര്യങ്ങള്‍ക്ക്‌ പ്രയോജനപ്പെടും. ഈ ഗണത്തില്‍പ്പെട്ട ഏഴ് ഉപഗ്രഹങ്ങള്‍ ഉള്‍പ്പെടുന്ന 'ഇന്ത്യന്‍ റീജിയണല്‍ നാവിഗേഷണല്‍ സാറ്റലൈറ്റ് സിസ്റ്റത്തില്‍ ആദ്യത്തേത് ഐ ആര്‍ എന്‍ എസ് എസ് 1 എ കഴിഞ്ഞ ജൂലൈയിലാണ് വിക്ഷേപിച്ചത്.

പരമ്പരയിലെ രണ്ട് ഉപഗ്രഹങ്ങള്‍കൂടി ഇക്കൊല്ലം വിക്ഷേപിക്കുമെന്ന് ഐ എസ് ആര്‍ ഒ അറിയിച്ചു.

വെബ്ദുനിയ വായിക്കുക