എന്‍‌ഐ‌എ: നിയമനങ്ങള്‍ തുടങ്ങി

ചൊവ്വ, 17 ഫെബ്രുവരി 2009 (14:25 IST)
WD
നവംബറിലെ മുംബൈ ഭീകരാക്രമണങ്ങളെ തുടര്‍ന്ന് രൂപം നല്‍കിയ പുതിയ ദേശീയ അന്വേഷണ ഏജന്‍സിയിലേക്കുള്ള നിയമനങ്ങള്‍ ആരംഭിച്ചുവെന്ന് ആഭ്യന്തര മന്ത്രി പി ചിദംബരം ലോക്സഭയെ അറിയിച്ചു.

ഒരു ഡെപ്യൂട്ടി ഇസ്പെക്ടര്‍ ജനറല്‍, രണ്ട് പൊലിസ് സൂപ്രണ്ടുമാര്‍, രണ്ട് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ടുമാര്‍ എന്നിവരെ നിയമിക്കാനുള്ള ഉത്തരവ് ഇറങ്ങിക്കഴിഞ്ഞു.

1975 കേഡറിലെ ഐ പി എസ് ഓഫീസറും മലയാളിയുമായ രാധാ വിനോദ് രാജുവിനെ അന്വേഷണ ഏജന്‍സി തലവനായി കേന്ദ്ര സര്‍ക്കാര്‍ നേരത്തെ നിയമിച്ചിരുന്നു. മുംബൈ ഭീകരാക്രമണത്തെക്കുറിച്ചുള്ള അന്വേഷണം അവസാനഘട്ടത്തിലാണെന്നും പൊലീസ് ഉടന്‍ തന്നെ കുറ്റപത്രം സമര്‍പ്പിക്കുമെന്നും ചിദംബരം പറഞ്ഞു.

മാവോയിസ്റ്റ് ആക്രമണങ്ങള്‍ പോലുള്ള കേസുകള്‍ അന്വേഷണ ഏജന്‍സിയുടെ പരിധിയില്‍ വരില്ലെന്നും ഒരു ചോദ്യത്തിന് മറുപടിയായി ചിദംബരം പറഞ്ഞു.എന്നാല്‍ ഗൌരവപരമായ കേസുകളാണെങ്കില്‍ അന്വേഷണ ഏജന്‍സിയെ സമീപിക്കാമെന്നും ചിദംബരം കൂട്ടിച്ചേര്‍ത്തു.

വെബ്ദുനിയ വായിക്കുക