എന്‍ഡി‌എയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥി ഇ ശ്രീധരന്‍ ? കൊച്ചി മെട്രോയുടെ വേദിയില്‍ നിന്ന് ശ്രീധരനെ ഒഴിവാക്കാന്‍ കാരണം ഇതോ ?

Webdunia
വ്യാഴം, 15 ജൂണ്‍ 2017 (21:06 IST)
മെട്രോമാന്‍ ഇ ശ്രീധരന്‍ എന്‍‌ഡി‌എയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയാകുമെന്ന് റിപ്പോര്‍ട്ടുകള്‍. ഇങ്ങനെ ഒരു ആലോചനയുള്ളതുകൊണ്ടാണ് കൊച്ചി മെട്രോയുടെ ഉദ്ഘാടനവേദിയില്‍ ഉണ്ടാവേണ്ടവരുടെ പട്ടികയില്‍ നിന്ന് ആദ്യം ഇ ശ്രീധരനെ പ്രധാനമന്ത്രിയുടെ ഓഫീസ് ഒഴിവാക്കിയതെന്നും റിപ്പോര്‍ട്ടുകള്‍.
 
രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയെ എന്‍ ഡി എ പ്രഖ്യാപിക്കാന്‍ ഇനി ഏതാനും ദിവസങ്ങള്‍ മാത്രമേ ബാക്കിയുള്ളൂ. ഇ ശ്രീധരനാണ് സ്ഥാനാര്‍ത്ഥിയെങ്കില്‍ ആ പ്രഖ്യാപനത്തിന് തൊട്ടുമുമ്പ് അദ്ദേഹം പ്രധാനമന്ത്രിയുമൊത്ത് വേദി പങ്കിടുന്നതിലെ അനൌചിത്യം പരിഗണിച്ചാണ് അദ്ദേഹത്തെ ആദ്യം ഒഴിവാക്കിയതെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
 
ഇക്കാര്യം ഇ ശ്രീധരനും അറിയാമെന്നും അതുകൊണ്ടാണ് അദ്ദേഹം പക്വതയോടെ പ്രതികരിച്ചതെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. അരുണ്‍ ജെയ്‌റ്റ്‌ലിയെയും ഇ ശ്രീധരനെയുമാണ് അടുത്ത രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി നരേന്ദ്രമോദിയും ബി ജെ പിയും പരിഗണിച്ചതത്രേ. ജെയ്‌റ്റ്‌ലി രാഷ്ട്രപതിയാകുന്നതാണ് മോദിയും ആഗ്രഹിക്കുന്നത്. രാഷ്ട്രീയ എതിരാളികള്‍ക്കും പ്രിയങ്കരനാണ് ജെയ്‌റ്റ്‌ലി എന്നത് അദ്ദേഹത്തിനുള്ള സാധ്യത വര്‍ദ്ധിപ്പിച്ചിരുന്നു.
 
എന്നാല്‍ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയാകാന്‍ താന്‍ ഇല്ലെന്ന് അരുണ്‍ ജെയ്‌റ്റ്‌ലി ഉറച്ച നിലപാടെടുത്തു. ഇതോടെ ബി ജെ പിയുടെ അടുത്ത ചോയ്‌സ് ഇ ശ്രീധരനായിരുന്നുവത്രേ.
 
2019ലെ പൊതുതെരഞ്ഞെടുപ്പില്‍ ബി ജെ പിക്ക് നേട്ടമുണ്ടാക്കണമെങ്കില്‍ അതിന് ദക്ഷിണേന്ത്യയുടെ പിന്തുണ അത്യാവശ്യമാണെന്നതും ഒരു ദക്ഷിണേന്ത്യക്കാരനെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയാക്കുന്നതിനുള്ള പ്രധാന കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നു. കേരള ഗവര്‍ണര്‍ പി സദാശിവത്തിന്‍റെ പേരും രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയാകാന്‍ ബി ജെ പി പരിഗണിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
Next Article