എച്ച് എസ് ബ്രഹ്‌മ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി ഇന്ന് ചുമതലയേല്‍ക്കും

Webdunia
വെള്ളി, 16 ജനുവരി 2015 (09:34 IST)
രാജ്യത്തെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി ഹരിശങ്കര്‍ ബ്രഹ്‌മ വെള്ളിയാഴ്ച ചുമതലയേല്‍ക്കും. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ സ്ഥാനത്തു നിന്ന് വി എസ് സമ്പത്ത് വ്യാഴാഴ്ച വിരമിച്ചിരുന്നു. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ വിരമിച്ചാല്‍ മൂന്നംഗ കമ്മീഷനിലെ മുതിര്‍ന്ന അംഗം ആ പദവിയിലേക്ക് നിയമിക്കപ്പെടുന്നതാണ് കീഴ്വഴക്കം. ഇത് അനുസരിച്ചാണ് ബ്രഹ്‌മ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ആകുന്നത്.
 
ആന്ധ്രാപ്രദേശ് കേഡറില്‍ നിന്ന് വിരമിച്ച ഐ എ എസ് ഉദ്യോഗസ്ഥനാണ് അസം സ്വദേശിയായ ബ്രഹ്മ. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ വിരമിക്കല്‍ പ്രായം 65 വയസ്സാണ്. അതുകൊണ്ട്, ഏതാനും മാസങ്ങള്‍ മാത്രമേ അദ്ദേഹത്തിന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ സ്ഥാനത്ത് തുടരാന്‍ കഴിയുകയുള്ളൂ.
 
സമ്പത്ത് വിരമിച്ച ഒഴിവില്‍ പുതിയ ഒരു അംഗത്തെ സര്‍ക്കാര്‍ ഉടനെ നിയമിക്കും. ഭരണഘടനയനുസരിച്ച് മൂന്നംഗങ്ങളാണ് തെരഞ്ഞെടുപ്പ് കമ്മീഷനില്‍ വേണ്ടത്. തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ക്ക് അയോഗ്യത കല്‍പ്പിക്കണമെന്ന് സ്ഥാനമൊഴിഞ്ഞ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ സമ്പത്ത് അഭിപ്രായപ്പെട്ടിരുന്നു.
 
തെരഞ്ഞെടുപ്പുരംഗം ശുദ്ധീകരിക്കാനുള്ള നിയമഭേദഗതി സര്‍ക്കാര്‍ കൊണ്ടു വരുമെന്നാണ് പ്രത്യാശിക്കുന്നതെന്ന് സമ്പത്ത് പറഞ്ഞു.