പന്നിപ്പനി ബാധിച്ച് ചെന്നൈയില്‍ ഒരാള്‍ മരിച്ചു. വടക്കന്‍ ചെന്നൈയിലെ മണ്ണടി സ്വദേശി പി ശ്രീനിവാസന്‍ ആണ് എച്ച് 1 എന്‍ 1 വൈറസ് ബാധിച്ച് മരിച്ചത്. ചെന്നൈയിലെ രാജിവ് ഗാന്ധി ജനറല്‍ ആശുപത്രി അധികൃതര്‍ ആണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
നേരത്തെ ചെന്നൈയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ശ്രീനിവാസന്‍ സ്വമേധയ അവിടെ നിന്ന് വിടുതല്‍ വാങ്ങി സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിക്കുമ്പോള്‍ത്തന്നെ ശ്രീനിവാസന്റെ അവസ്ഥ മോശമായിരുന്നെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു.
ശ്രീനിവാസന്റെ രക്തത്തിന്റെയും മൂത്രത്തിന്റെയും സാമ്പിളുകള്‍ പരിശോധിച്ച ചെന്നൈയിലെ കിംഗ്സ് ഇന്‍സ്റ്റിട്യൂട് ഓഫ് പ്രിവന്റീവ് മെഡിസിന്‍സ് അധികൃതര്‍ രോഗം പന്നിപ്പനിയാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു.
2014 ജനുവരി മുതല്‍ നവംബര്‍ 30 വരെ ഇന്ത്യയിലാകെ 831 പേര്‍ക്ക് പന്നിപ്പനി പിടിപെട്ടതായാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്ക്. ഇതില്‍ 204 പേര്‍ മരിച്ചു. ഗുജറാത്തിലാണ് ഏറ്റവും കൂടുതല്‍ പേര്‍ (255) അസുഖബാധിതരായത്.