എം എസ്​ സിക്കാരനായ രോഹിത്​ ​വെമുലയുടെ സഹോദരന്​ ക്ലർക്ക്​ ജോലി; ഡെല്‍ഹി സര്‍ക്കാര്‍ പുതിയ വിവാദത്തില്‍

ചൊവ്വ, 12 ഏപ്രില്‍ 2016 (17:26 IST)
രോഹിത്​ വെമുലയുടെ സഹോദരൻ രാജയ്ക്ക്​ അരവിന്ദ്​ കെജ്​രിവാള്‍ വാഗ്​ദാനം ചെയ്​ത ക്ലര്‍ക്ക് ജോലി വിവാദമാകുന്നു. അ​പ്ലൈഡ്​ ജിയോളജിയിൽ എം എസ്​ സിക്കാരനായ​ രാജ ദേശീയ അധ്യാപക യോഗ്യത പരീക്ഷയും വിജയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ക്ലർക്ക്​ ജോലി നൽകിയത്​ അപമാനിക്കലാണെന്ന്​ ഹൈദരാബാദ്​ സർവകലാശാലയിലെ അധ്യാപകരും വിദ്യാര്‍ത്ഥികളും ആരോപിച്ചു.
 
​ഫെബ്രുവരി 24 ന്​ ഡൽഹി മുഖ്യമന്ത്രി അരവിന്ദ്​ കെജ്​രിവാളുമായി രോഹിത്​ വെമുലയുടെ അമ്മ രാധിക വെമുല  കൂടിക്കാഴ്​ച നടത്തിയിരുന്നു. ഈ കൂടിക്കാഴ്ചയിലാണ് കെജ്​രിവാൾ രാജക്ക്​ ഡൽഹി സർക്കാറിൽ ജോലി വാഗ്​ദാനം നൽകിയത്​. ഇതുമായി ബന്ധപ്പെട്ട് ഏപ്രിൽ നാലിന്​ ആം ആദ്​മി സർക്കാർ ഉത്തരവ് പുറത്തിറക്കുകയും ചെയ്തു. ഡൽഹി സർക്കാറിൽ ലോവർ ഡിവിഷൻ ക്ലർക്കിന്റെ ജോലിയാണ്​ വാഗ്​ദാനം ചെയ്​തിരിക്കുന്നത്​. 
 
മാനുഷിക പരിഗണന പരിഗണിച്ചുള്ള നിയമനങ്ങൾക്ക്​ ഗ്രൂപ്പ്​ സി, ഗ്രൂപ്പ്​ ഡി തസ്​തികകൾ മാത്രമേ നല്‍കാനാകൂ എന്നാണ്​​ ഉദ്യോഗസ്ഥർ നൽകുന്ന വിശദീകരണം. എന്നാല്‍ രാജ ഇതുവരെ ​ജോലി സ്വീകരിക്കാന്‍ തയ്യാറായിട്ടില്ല.
 
അതേസമയം, ജോലിയില്‍ പ്രവേശിക്കുന്ന കാര്യത്തില്‍ തീരുമാനമൊന്നും എടുത്തിട്ടില്ലെന്ന് രാജ പറഞ്ഞു. ‘ഒരു വിദേശ സർവകലാശാലയിൽ ഞാൻ ഗവേഷണം നടത്തുന്നത്​ കാണാനാണ്​ ആഗ്രഹമെന്ന്​ രോഹിത്​ ജീവിച്ചിരുന്നപ്പോൾ എന്നോട്​ പറയുമായിരുന്നു. ആ സ്വപ്​നം സാക്ഷാത്​കരിക്കാനാണ്​ ഇപ്പോൾ എന്റെ ശ്രമം. എന്നെക്കുറിച്ച്​ രോഹിത്​ അഭിമാനിക്കണം’ – രാജ പറഞ്ഞു.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

വെബ്ദുനിയ വായിക്കുക