ദാവൂദ് ഇബ്രാഹിമിനേക്കാള്‍ അപകടകാരിയാണ് ഉത്തര്‍പ്രദേശ് മന്ത്രിയും സമാജ് വാദി പാര്‍ട്ടി നേതാവുമായ അസം ഖാനെന്ന് ശിവസേന. അസം ഖാനെതിരെ ശിവസേന കടുത്ത വിമര്‍ശനങ്ങളുമായാണ് പാര്‍ട്ടി മുഖപത്രമായ സാംമ്‌നയിലൂടെ ശിവസേന രംഗത്തെത്തിയിരിക്കുന്നത്.
ഇന്ത്യയിലെ ന്യൂനപക്ഷങ്ങളുടെ അവസ്ഥയില്‍ ഐക്യരാഷ്ട്ര സംഘടനയുടെ ഇടപെടല്‍ ഉണ്ടാകണമെന്ന് അസം ഖാന്‍ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം ആവശ്യപ്പെട്ട് ബാന്‍ കി മൂണിന് അസം ഖാന്‍ കത്തയയ്ക്കുകയും ചെയ്തു. ഇന്ത്യയുടെ മതേതര സ്വഭാവത്തിന് ആര്‍ എസ് എസ് ഭീഷണിയാണെന്ന് കത്തില്‍ അദ്ദേഹം സൂചിപ്പിച്ചിരുന്നു.
താജ്മഹലിന്‍റെ സ്ഥാനത്ത് ശിവക്ഷേത്രം നിര്‍മ്മിക്കാന്‍ നീക്കമുണ്ടെന്നും ഇന്ത്യ ഹിന്ദുരാജ്യമാക്കാന്‍ ശ്രമം നടക്കുന്നതായും അസം ഖാന്‍ ആരോപിച്ചിരുന്നു. ഇതാണ്, അസം ഖാനെതിരെ രൂക്ഷ വിമര്‍ശനങ്ങളുമായി രംഗത്തെത്താന്‍ ശിവസേനയെ പ്രേരിപ്പിച്ചത്.