രാജ്യത്ത് ഇന്റര്‍നെറ്റ് എല്ലാവരുടേതും ആകണമെന്നതാണ് സര്‍ക്കാര്‍ നയമെന്ന് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ്. നെറ്റ് ന്യൂട്രാലിറ്റിയെക്കുറിച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ലോക്‌സഭയില്‍ നല്‍കിയ അടിയന്തര പ്രമേയത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.
നവമാധ്യമങ്ങള്‍ക്ക് വിരുദ്ധമായ നിലപാട് സര്‍ക്കാര്‍ എടുക്കില്ലെന്നും അന്തിമ തീരുമാനം ട്രായ് എടുക്കുമെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.
ട്രായിയുടെ നിര്‍ദ്ദേശങ്ങള്‍ ടെലകോം കമ്മീഷന്‍ പരിഗണിക്കുമെന്നും അതിനു ശേഷമായിരിക്കും അന്തിമതീരുമാനം കൈക്കൊള്ളുകയെന്നും മന്ത്രി ലോക്‌സഭയില്‍ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോഡിയാണ് രാജ്യത്ത് ഏറ്റവും നന്നായി സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്ന ആളെന്നും രവിശങ്കര്‍ പ്രസാദ് പറഞ്ഞു.
നെറ്റ് ന്യൂട്രാലിറ്റി ഉറപ്പുവരുത്താന്‍ നിയമത്തില്‍ വേണ്ട മാറ്റങ്ങള്‍ വരുത്തണമെന്നും അല്ലങ്കില്‍ പുതിയ നിയമം ഉണ്ടാക്കണമെന്നും രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇന്ന് ഇന്റര്‍നെറ്റ് ന്യൂട്രാലിറ്റിയെക്കുറിച്ച് സംസാരിക്കുന്ന രാഹുല്‍ യു പി എ സര്‍ക്കാരിന്റെ കാലത്ത് ട്വിറ്റര്‍ അടക്കമുള്ളവ ബ്ലോക്ക് ചെയ്തതിനെക്കുറിച്ച് പറയണമെന്നും രവിശങ്കര്‍ പ്രസാദ് ആവശ്യപ്പെട്ടു.