ഇന്ത്യ മുന്നറിയിപ്പ് നല്‍കിയിരുന്നു: വിക്കിലീക്സ്

വ്യാഴം, 3 ഫെബ്രുവരി 2011 (16:58 IST)
PRO
ഭീകരവാദവുമായി ബന്ധപ്പെട്ട് വീണ്ടും വിക്കിലീക്സ് വെളിപ്പെടുത്തല്‍ പുറത്തുവന്നു. പാക്-അഫ്ഗാന്‍ അതിര്‍ത്തിയിലെ ഭീകരവാദക്യാമ്പുകളില്‍ വെളുത്ത വര്‍ഗക്കാരുടെ എണ്ണം വര്‍ദ്ധിച്ചുവരുന്ന വിവരം ഇന്ത്യ അമേരിക്കയെ അറിയിച്ചിരുന്നതായാണ് പുതിയ റിപ്പോര്‍ട്ട്.

മുംബൈ ഭീകരാക്രമണത്തിന് അഞ്ചുമാസങ്ങള്‍ക്ക് മുമ്പായിരുന്നു ഇത്. അന്നത്തെ ദേശീയ സുരക്ഷാ ഉപദേഷ്‌ടാവായിരുന്ന എം കെ നാരായണനാണ് ഈ വിവരങ്ങള്‍ അമേരിക്കയ്ക്ക് കൈമാറിയത്. രാജ്യം സന്ദര്‍ശിക്കാനെത്തിയ അമേരിക്കന്‍ സെനറ്റര്‍മാരുമായുള്ള ചര്‍ച്ചയിക്കിടെയായിരുന്നു ഇന്ത്യ ഇക്കാര്യം അറിയിച്ചത്.

അതിര്‍ത്തി കേന്ദ്രീകരിച്ചുള്ള ഭീകരവാദപ്രവര്‍ത്തനത്തില്‍ ആകൃഷ്‌ടരാകുന്ന വെള്ളക്കാരുടെ എണ്ണം കൂടിവരികയാണ്. ജിഹാദികള്‍ അണുബോംബുകള്‍ നിര്‍മ്മിക്കാന്‍ കോപ്പുകൂട്ടുകയാണെന്നും ഇതിനായുള്ള സാമഗ്രികള്‍ ശേഖരിക്കുന്നതായും അദ്ദേഹം അറിയിച്ചിരുന്നു.

വിവിധ രാജ്യങ്ങളുടെ അന്വേഷണ ഏജന്‍സികള്‍ തമ്മിലുള്ള ഏകോപനമില്ലായ്മയും എം കെ നാരായണന്‍ ചൂണ്ടിക്കാട്ടിയിരുന്നു. 2008 മെയ് മുപ്പതിലെ അമേരിക്കന്‍ നയതന്ത്രകേബിളുകള്‍ പ്രകാരമാണ് ഈ വിവരങ്ങള്‍ പുറത്തായത്.

വെബ്ദുനിയ വായിക്കുക