ഇന്ത്യയുടെ ഗതിനിര്‍ണയ ഉപഗ്രഹം വിക്ഷേപിച്ചു

Webdunia
വെള്ളി, 4 ഏപ്രില്‍ 2014 (18:57 IST)
PRO
PRO
ഇന്ത്യയുടെ ഗതിനിര്‍ണയ ഉപഗ്രഹമായ ഇന്ത്യന്‍ റീജണല്‍ നാവിഗേഷന്‍ സാറ്റലൈറ്റ് സിസ്റ്റം 1-ബി (ഐആര്‍എന്‍എസ്എസ് 1ബി) വിക്ഷേപിച്ചു. പിഎസ്എല്‍വി സി- 24 ഉപയോഗിച്ച് വൈകിട്ട് 5:14ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്നായിരുന്നു വിക്ഷേപണം.

അമേരിക്ക, റഷ്യയുള്‍പ്പെടെയുള്ള രാജ്യങ്ങളുടെ ഗതിനിര്‍ണയ സംവിധാനത്തിന് ബദലാകും ഐആര്‍എന്‍എസ്എസ്. ഏഴ് ഉപഗ്രഹ പരമ്പരയിലെ രണ്ടാമത്തേതാണിത്. 1432 കിലോ ഭാരവും സേവനകാലം 10 വര്‍ഷവുമുള്ള ഉപഗ്രഹം കുതിച്ചുയര്‍ന്ന് 19 മിനിറ്റും 43 സെക്കന്‍ഡും പിന്നിടുമ്പോള്‍ ഭ്രമണപഥത്തിലെത്തും. പിന്നീട് ഘട്ടം ഘട്ടമായി ഭ്രമണപഥം വികസിപ്പിച്ചാണ് ഉപഗ്രഹത്തെ നിര്‍ദിഷ്ട ഭ്രമണപഥത്തിലെത്തിക്കുക.

പരമ്പരയിലെ ആദ്യ ഉപഗ്രഹം ഐആര്‍എന്‍എസ്എസ് 1 എ കഴിഞ്ഞ ജൂലൈയില്‍ വിക്ഷേപിച്ചിരുന്നു. രണ്ട് ഉപഗ്രഹങ്ങള്‍ കൂടി ഉടന്‍ വിക്ഷേപിക്കാനാണ് ഐഎസ്ആര്‍ഒ പദ്ധതിയിട്ടിരിക്കുന്നത്. നാല് ഉപഗ്രങ്ങള്‍ ഭ്രമണപഥത്തില്‍ എത്തുന്നതോടെ നാവിഗേഷന്‍ രംഗത്തും റേഞ്ചിങ് രംഗത്തും സേവനങ്ങള്‍ നല്‍കാന്‍ കഴിയുമെന്ന് ഐഎസ്ആര്‍ഒ വ്യക്തമാക്കി.