ഇന്ത്യന്‍ നേവി സോമാലി കപ്പല്‍ മുക്കി

Webdunia
ബുധന്‍, 19 നവം‌ബര്‍ 2008 (12:36 IST)
ഇന്ത്യന്‍ വ്യാപാര കപ്പല്‍ റാഞ്ചുന്നത് പരാജയപ്പെടുത്തി ദിവസങ്ങള്‍ക്കകം, ഇന്ത്യന്‍ നാവികസേനയുടെ പടക്കപ്പല്‍ ഐ‌എന്‍‌എസ് ടാബര്‍ സോമാലിയന്‍ കൊള്ളക്കാരുടെ ഒരു കപ്പല്‍ തകര്‍ത്തു.

ഇരുഭാഗത്തു നിന്നും വെടിവയ്പ്പ് ഉണ്ടായതായാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യന്‍ പടക്കപ്പലിനെ ആക്രമിക്കുക എന്ന ഉദ്ദേശത്തോടെ കൊള്ളസംഘം കപ്പല്‍ വളയുകയായിരുന്നു. തുടര്‍ന്ന് കുറച്ചു നേരത്തിനകം ശക്തമായ ആക്രമണത്തില്‍ കൊള്ളക്കാരുടെ കപ്പല്‍ ഇന്ത്യന്‍ നാവികസേന തകര്‍ത്തു.

ചൊവ്വാഴ്ച രാത്രി 9.45ഓടെയാണ് സംഭവം നടന്നത്. ഇന്ത്യന്‍ ഭാഗത്തു നിന്ന് ആര്‍ക്കും അപകടം സംഭവിച്ചതായി റിപ്പോര്‍ട്ടില്ല. സോമാലി തീരത്ത് കടല്‍ക്കൊള്ള രൂക്ഷമായതേ തുടര്‍ന്ന് ഒക്ടോബറിലാണ് ഐ‌എന്‍‌എസ് ടാബര്‍ ഗള്‍ഫ് ഓഫ് ഏദനില്‍ വിന്യസിച്ചത്.

സൂപ്പര്‍സോണിക് ബ്രഹ്മോസ് ആന്റി-ഷിപ് ക്രൂയിസ് മിസ്സൈല്‍ ഘടിപ്പിച്ച ആദ്യ തല്‍‌വര്‍ ക്ലാസ്സ് പടക്കപ്പല്‍ കൂടിയാണ് ഐ‌എന്‍‌എസ് ടാബര്‍. സൌദിയുടെ കൂറ്റന്‍ എണ്ണക്കപ്പല്‍ റാഞ്ചിയതിനു പിന്നാലെ ഒരു ഇറാനിയന്‍ കപ്പല്‍ കൂടി ഇതിനിടെ കൊള്ളക്കാര്‍ റാഞ്ചിയതായി റിപ്പോര്‍ട്ടുണ്ട്. കപ്പല്‍ ജോലിക്കാരുടെയും കപ്പല്‍ ചരക്കിന്‍റെയും വിവരങ്ങള്‍ അറിവായിട്ടില്ല.

ഇതു രണ്ടാം തവണയാണ് ഇന്ത്യന്‍ നേവി ഒരാഴ്ചക്കിടെ കൊള്ളക്കാര്‍ക്കെതിരെ വിജയകരമായി പ്രവര്‍ത്തിക്കുന്നത്. ഒരു സൌദി-ഇന്ത്യന്‍ കപ്പല്‍ റാഞ്ചാനുള്ള ശ്രമം കഴിഞ്ഞ ചൊവ്വാഴ്ച നേവി തകര്‍ത്തിരുന്നു. എം വി ടിമാഹ എന്ന സൌദി-ഇന്ത്യന്‍ കപ്പലില്‍ നിന്ന് അപായസൂചന ലഭിച്ചതേ തുടര്‍ന്ന് ഐ‌എന്‍‌എസ് ടാബര്‍ സ്ഥലത്തെത്തി കൊള്ളക്കാരെ തുരത്തുകയായിരുന്നു.

സോമാലി തീരത്ത് നടന്ന ഏറ്റവും വലിയ കൊള്ളയാണ് സൌദി കപ്പല്‍ റാഞ്ചിയത്. ആവര്‍ത്തിക്കുന്ന കടല്‍ക്കൊള്ളകളില്‍ നാറ്റോ ആശങ്ക രേഖപ്പെടുത്തിയിട്ടുണ്ട്. കടല്‍ക്കൊള്ളയും തീവ്രവാദം തന്നെയാണ് സൌദി അറേബ്യ പ്രഖ്യാപിച്ചിരുന്നു.