ഇനി മുതല്‍ വോട്ടിനു രസീത് സംവിധാനം നടപ്പാകും

Webdunia
ചൊവ്വ, 8 ഒക്‌ടോബര്‍ 2013 (12:22 IST)
PRO
വോട്ടിംഗ് യന്ത്രത്തില്‍ വോട്ട് രേഖപ്പെടുത്തുമ്പോള്‍ ഉദ്ദേശിച്ച സ്ഥാനാര്‍ത്ഥിക്കു തന്നെയാണ് വോട്ട് രേഖപ്പെടുത്തിയതെന്ന് ഉറപ്പുവരുത്താന്‍ പേപ്പര്‍ രസീത് നല്‍കുന്ന സംവിധാനം ഘട്ടംഘട്ടമായി നടപ്പാക്കണമെന്ന് സുപ്രീംകോടതി.

രസീത് നല്‍കുന്ന കാര്യം നടപ്പാക്കാമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉറപ്പ് നല്‍കിട്ടുണ്ടെന്നും കോടതി അറിയിച്ചു. വോട്ടിംഗ് യന്ത്രത്തില്‍ വോട്ട് രേഖപ്പെടുത്തുമ്പോള്‍ ഉദ്ദേശിച്ച സ്ഥാനാര്‍ത്ഥിക്കു തന്നെയാണെന്ന് ഉറപ്പുവരുത്താന്‍ സ്ഥാനാര്‍ത്ഥിയുടെ പേരും ചിഹ്നവും രേഖപ്പെടുത്തിയ രസീത് നല്‍കണമെന്ന് ആവശ്യപ്പെട്ട് ബിജെപി നേതാവ് സുബ്രഹ്മണ്യം സ്വാമി നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് സുപ്രീംകോടതി വിധി പുറപ്പെടുവിച്ചത്.

014 ലെ ലോക്‌സഭ തെരഞ്ഞെടുപ്പ് മുതല്‍ ഈ സംവിധാനം ഘട്ടംഘട്ടമായി നടപ്പാക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തില്‍ വോട്ട് രേഖപ്പെടുത്തിയ ശേഷം വോട്ട് രേഖപ്പെടുത്തിയ പേപ്പര്‍ രസീതുകള്‍ അവിടെ തന്നെ പ്രത്യേകം സജ്ജീകരിച്ച പെട്ടികളില്‍ നിക്ഷേപിക്കണം. നിര്‍ദ്ദേശം തെരഞ്ഞെടുപ്പ് കമ്മീഷനും സുപ്രീംകോടതിയും നേരത്തേ തത്വത്തില്‍ അംഗീകരിച്ചിരുന്നു.

നിര്‍ദ്ദേശം നടപ്പാക്കാന്‍ 1500 കോടി രൂപ ചെലവ് വരുമെന്ന് കമ്മീഷന്‍ അറിയിച്ചതിനെത്തുടര്‍ന്ന് ഇതിനാവശ്യമായ സാമ്പത്തിക സഹായങ്ങള്‍ നല്‍കാന്‍ കേന്ദ്ര സര്‍ക്കാരിന് സുപ്രീംകോടതി നര്‍ദേശം നല്‍കി.