ആഷിന് പന്നിപ്പനിയില്ല, ബച്ചന് ആശ്വാസം

Webdunia
തിങ്കള്‍, 17 ഓഗസ്റ്റ് 2009 (12:44 IST)
IFM
ബോളിവുഡ് നായിക ഐശ്വര്യാ റായിക്ക് പന്നിപ്പനി ബാധിച്ചോ എന്ന സംശയം ദു:ഖത്തിലാഴ്ത്തിയെങ്കിലും പരിശോധനയില്‍ പ്രശ്നമില്ലെന്ന് തെളിഞ്ഞത് അമിതാഭ് ബച്ചന് ആശ്വാസമായി.

പന്നിപ്പനിയുടെ ലക്ഷണം കാണിച്ച ആഷിനെ വിദഗ്ധ പരിശോധനയ്ക്ക് വിധേയയാക്കി. പരിശോധനയില്‍ ബോളിവുഡ് നായികയ്ക്ക് നെഞ്ചിന് അണുബാധയുണ്ട് എന്നും എന്നാല്‍ എച്ച് 1 എന്‍ 1 വൈറസ് ബാധയില്ലെന്നും തെളിഞ്ഞു. ഇതോടെ, ആശങ്കയോടെ കാത്തിരുന്ന ആഷിന്റെ ഭര്‍തൃപിതാവ് ബച്ചനും ആരാധകര്‍ക്കും ആശ്വാസമായി.

മണിരത്നത്തിന്റെ “രാവണ‍” എന്ന സിനിമയില്‍ അഭിനയിക്കാനായി ആഷും അഭിഷേകും ഊട്ടിയിലാണ്. ഷൂട്ടിംഗിനിടെ ആഷിന് പനിയും നെഞ്ചിന് അണുബാധയും പിടിപെട്ട് കിടപ്പിലായെന്ന് ബച്ചന്‍ തന്റെ ബ്ലോഗില്‍ എഴുതിയിരുന്നു. നാടെങ്ങും പന്നിപ്പനി പടര്‍ന്നു പിടിക്കുന്ന അവസരത്തില്‍ മരുമകള്‍ക്ക് പന്നിപ്പനി ബാധിച്ചോ എന്ന സംശയം ബച്ചനെ ദു:ഖാകുലനാക്കുകയായിരുന്നു.

ബച്ചന്‍ ഇപ്പോള്‍ തന്റെ രാഷ്ട്രീയക്കാരനായ സുഹൃത്ത് അമര്‍സിംഗുമൊത്ത് സിംഗപ്പൂരിലാണ്. കുട്ടികളെ പിരിഞ്ഞ് വളരെ ദൂരത്തില്‍ കഴിയുന്നത് വിഷമമാണ് എന്നും അവര്‍ എത്ര മുതിര്‍ന്നാലും തനിക്ക് കുട്ടികളാണെന്നും ബച്ചന്‍ പറയുന്നു.