ആഷിനും രാഷ്ട്രീയം ചേരുമെന്ന് എസ്‌പി

Webdunia
വ്യാഴം, 29 ജനുവരി 2009 (16:14 IST)
IFM
‘മുന്നാഭായി’ക്ക് മാത്രമല്ല ആഷിനും രാഷ്ട്രീയത്തില്‍ ഒരു കൈ നോക്കാമെന്ന് സമാജ്‌വാദി പാര്‍ട്ടി. ഐശ്വര്യ റായി ബച്ചനെ ബീഹാറിലെ മധേപുര ലോക്സഭാ മണ്ഡലത്തില്‍ നിന്ന് മത്സരിപ്പിക്കണമെന്ന് സമാജ്‌വാദി പാര്‍ട്ടിയുടെ ബീഹാര്‍ ഘടകം പാര്‍ട്ടി തലവന്‍ മുലായം സിംഗ് യാദവിനോട് ആവശ്യപ്പെട്ടു.

ബച്ചന്‍റെ ആത്മമിത്രം അമര്‍സിംഗിന്‍റെയും കൂ‍ടി നേതൃത്വത്തിലുള്ള എസ്പിയിലേക്ക് ‘ബച്ചന്‍ ബഹു’ കടന്നു വരുമോ ഇല്ലയോ എന്ന് കണ്ടറിയണം എങ്കിലും മധേപുര സീറ്റില്‍ ആഷിനെ നിര്‍ത്തി പാര്‍ട്ടിയുടെ തിളക്കം കൂട്ടാനുള്ള ശ്രമത്തിലാണ് സംസ്ഥാന നേതാക്കള്‍. ജനതാദള്‍ (യു) നേതാവ് ശരദ് യാദവ് ഈ സീറ്റില്‍ മത്സരിക്കുമെന്ന് സൂചനയുണ്ട്.

ആര്‍ ജെ ഡിയുടെ പപ്പുയാദവ് ആണ് നിലവില്‍ ഈ സീറ്റില്‍ നിന്ന് ജയിച്ചിരിക്കുന്നത്. എന്നാല്‍, പപ്പു യാദവ് ഒരു കൊലപാത കേസില്‍ ജീവ്യപര്യന്തം ശിക്ഷ അനുഭവിച്ചു വരികയാണ്. 2004 ലെ തെരഞ്ഞെടുപ്പില്‍ റയില്‍‌വെ മന്ത്രി ലാലുപ്രസാദ് യാദവ് ഈ മണ്ഡലത്തില്‍ നിന്ന് ജയിച്ചു എങ്കിലും ഛാപ്ര സീറ്റ് നിലനിര്‍ത്തുകയായിരുന്നു.

ഗ്രാമീണ മേഖലയായ മധേപുരയില്‍ യാദവരാണ് നിര്‍ണായക ശക്തികള്‍. നേപ്പാളില്‍ കോസി നദിയിലെ അണക്കെട്ട് തകര്‍ന്നത് കാരണം ഇവിടുത്തുകാര്‍ക്ക് കടുത്ത നാശനഷ്ടങ്ങള്‍ അനുഭവിക്കേണ്ടി വന്നു.