ആര്‍എസ്എസ് തലവന്‍ സ്ഥാനമൊഴിഞ്ഞു

Webdunia
ശനി, 21 മാര്‍ച്ച് 2009 (13:45 IST)
ആര്‍എസ്എസ് തലവന്‍ കെ എസ് സുദര്‍ശന്‍ (77) സ്ഥാനമൊഴിഞ്ഞു. ഇപ്പോഴത്തെ ജനറല്‍ സെക്രട്ടറി മോഹന്‍ ഭഗത് ആയിരിക്കും അടുത്ത സര്‍സംഘ്ചാലക്. ആരോഗ്യപരമായ കാരണങ്ങളാലാണ് സുദര്‍ശന്‍ സ്ഥാനമൊഴിഞ്ഞത്.

നാഗ്പൂരിലെ റെഷിംബാഗ് സ്മൃതി മന്ദിരത്തില്‍ നടക്കുന്ന ത്രിദിന അഖില ഭാരതീയ പ്രതിനിധി സഭയില്‍ വച്ചാണ് സുദര്‍ശന്‍ ഔദ്യോഗികമായി സ്ഥാനമൊഴിഞ്ഞത്. പുതിയ തലവനായി ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ മോഹന്‍ ഭഗത് സ്ഥാനമേല്‍ക്കും.

മുതിര്‍ന്ന നേതാവ് സുരേഷ് സോണിയായിരിക്കും പുതിയ ജനറല്‍ സെക്രട്ടറി. അച്ചടക്കത്തിന്‍റെ കാര്യത്തില്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറില്ലാത്ത നേതാവ് എന്ന പേരാണ് ഭഗത്തിനുള്ളത്. ഭഗത്തിന്‍റെ സ്ഥാനാരോഹണം സംഘടനയുടെ മുന്നണിയിലേക്ക് യുവാക്കളെ പരിഗണിക്കുന്നതിന്‍റെ തുടക്കമാണെന്ന് നിരീക്ഷകര്‍ കരുതുന്നു.

റായ്പൂരില്‍ ജനിച്ച സുദര്‍ശന്‍ തന്‍റെ ഒമ്പതാം വയസ്സിലാണ് ആര്‍‌എസ്‌എസ് ശാഖയിലെത്തുന്നത്. ടെലികമ്യൂണിക്കേഷന്‍ എഞ്ചിനിയറിംഗ് ബിരുദം നേടിയ ശേഷം 1954 മുതല്‍ മുഴുവന്‍ സമയ ആര്‍‌എസ്‌എസ് പ്രവര്‍ത്തകനായി.