ആരായിരുന്നു രാം സിംഗ് ?

Webdunia
തിങ്കള്‍, 11 മാര്‍ച്ച് 2013 (16:01 IST)
PRO
PRO
ഡല്‍ഹിയില്‍ ബസില്‍ 23കാരി കൂട്ടമാനഭംഗത്തിനിരയായതും തുടര്‍ന്ന് മരണത്തിന് കീഴടങ്ങിയതും രാജ്യത്തെ ഒന്നടങ്കം ഞെട്ടിച്ച സംഭവമായി. കൊടുംക്രൂരതകള്‍ക്കാണ് പെണ്‍കുട്ടിയെ അക്രമികള്‍ ഇരയാക്കിയത്. ഈ കേസിലെ മുഖ്യപ്രതിയായ രാം സിംഗിനെ(33) തിഹാര്‍ ജയിലില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം നിരവധി ചോദ്യങ്ങള്‍ ബാക്കിയാക്കുന്നു.

കൂട്ടമാനഭംഗം നടന്ന ബസിന്റെ ഡ്രൈവര്‍ ആയിരുന്നു രാം സിംഗ്. ഡല്‍ഹി ആര്‍ കെ പുരം സെക്ടര്‍ മൂന്നില്‍ ആയിരുന്നു ഇയാളുടെ വീട്. കേസിലെ മുഖ്യപ്രതിയായ ഇയാള്‍ ഭ്രാന്തമായ പെരുമാറ്റരീതികള്‍ ഉള്ള ആളായിരുന്നു എന്നാണ് വിവരം. രാം സിംഗ് ആദ്യം കുറ്റം സമ്മതിച്ചിരുന്നില്ല. തിരിച്ചറിയന്‍ പരേഡിന് തയ്യാറാവില്ല എന്ന് പോലും ഇയാള്‍ വാശിപിടിച്ചു.

‘മെന്റല്‍’ എന്നാണ് രാം സിംഗിനെ സുഹൃത്തുക്കള്‍ വിളിച്ചിരുന്നത്. അത്രയ്ക്ക് വിചിത്രമായിരുന്നു ഇയാളുടെ പെരുമാറ്റരീതികള്‍. ആക്രമിക്കാന്‍ ശ്രമിച്ചപ്പോള്‍ പെണ്‍കുട്ടി ഇയാളുടെ കൈയില്‍ കടിച്ചു. ഇതോടെ നിയന്ത്രണം നഷ്ടപ്പെട്ട ഇയാള്‍ പെണ്‍കുട്ടിയോട് മൃഗീയമായി പെരുമാറുകയായിരുന്നു. മദ്യപിച്ച് ലക്കുകെട്ട രാം സിംഗ് ഇരുമ്പ് ദണ്ഡ് എടുത്ത് പെണ്‍‌കുട്ടിയെ തല്ലിച്ചതച്ചു.

വളരെ ചെറിയ അഭിപ്രായവ്യത്യാസങ്ങള്‍ പോലും പൊരിഞ്ഞ വഴക്കിലേക്ക് എത്തിക്കുന്ന സ്വഭാവക്കാരനായിരുന്നു പ്രതി. രണ്ട് വര്‍ഷത്തിന് മുമ്പ് ഇയാളുടെ ഭാര്യ മരിച്ചിരുന്നു. ഇതിന് ശേഷമാണ് ഇയാള്‍ ഇങ്ങനെ ആയത് എന്നാണ് വിവരം. അയല്‍‌വാസിയായ പെണ്‍കുട്ടിയേയും കൊണ്ട് ഇയാള്‍ മുമ്പ് ഒളിച്ചോടിയിട്ടുണ്ട്. ഒരു അപകടത്തില്‍ ഇയാള്‍ക്ക് ഗുരുതരമായി പരുക്കേറ്റിരുന്നു എന്നും ബസ് ഓടിക്കാനുള്ള ആരോഗ്യസ്ഥിതി ഇയാള്‍ക്ക് ഇല്ലായിരുന്നു എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

ബസിലെ സംഭവങ്ങള്‍ക്ക് ശേഷവും ഇയാള്‍ക്ക് വ്യക്തമായ കണക്കുകൂട്ടലുകള്‍ ഉണ്ടായിരുന്നു. ബസ് നന്നായി കഴുകി ഇയാള്‍ തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമം നടത്തി. പൊലീസ് ചോദിക്കുമ്പോള്‍ കള്ളം പറഞ്ഞാല്‍ മതിയെന്ന് മറ്റ് പ്രതികളോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. രക്തം, ശുക്ലം എന്നിവ തെളിവാകുമെന്ന് മുന്‍‌കൂട്ടി കണ്ട ഇയാള്‍ പെണ്‍കുട്ടിയുടേയും ആണ്‍ സുഹൃത്തിന്റെയും വസ്ത്രങ്ങള്‍ അഴിച്ചെടുത്ത ശേഷം അവരെ ബസില്‍ നിന്ന് പുറത്തേക്ക് എറിയുകയായിരുന്നു. ഇരുവരുടെയും മൊബൈല്‍ ഫോണുകള്‍ കൈക്കലാക്കിയ ഇയാള്‍ അവ സ്വിച്ച് ഫോണ്‍ ചെയ്ത് കൈയില്‍ കരുതുകയും ചെയ്തിരുന്നു.

ഇപ്പോള്‍ രാം സിംഗ് ശിക്ഷ സ്വയം നടപ്പാക്കിയതാണോ? അതോ മറ്റെന്തെങ്കിലും ദുരൂഹതകള്‍ ഇതിന് പിന്നില്‍ ഉണ്ടോ? കൂടുതല്‍ അന്വേഷണങ്ങളിലൂടെ മാത്രമേ ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം ലഭിക്കുകയുള്ളൂ.