ആത്മഹത്യ ചെയ്ത കര്‍ഷകന്റെ കുടുംബത്തിന് എഎപി 10 ലക്ഷം നല്കും

Webdunia
വ്യാഴം, 23 ഏപ്രില്‍ 2015 (15:28 IST)
കഴിഞ്ഞദിവസം ജന്തര്‍ മന്ദിറിലെ സമരവേദിയില്‍ ആത്മഹത്യ ചെയ്ത കര്‍ഷകന്‍ ഗജേന്ദ്ര സിംഗിന്റെ കുടുംബത്തിന് ആം ആദ്‌മി പാര്‍ട്ടി പത്തുലക്ഷം രൂപ നല്കും. ആം ആദ്‌മി പാര്‍ട്ടി നേതാക്കള്‍ ഡല്‍ഹിയില്‍ വാര്‍ത്താസമ്മേളനത്തില്‍ ഇക്കാര്യം അറിയിച്ചത്. ആം ആദ്‌മി പാര്‍ട്ടി നേതാക്കളായ കുമാര്‍ ബിശ്വാസ്, സഞ്ജയ് സിംഗ് എന്നീ നേതാക്കള്‍ ആയിരുന്നു വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തത്.
 
അതേസമയം, സംഭവത്തില്‍ ആം ആദ്‌മി പാര്‍ട്ടിക്കെതിരെ ഉയരുന്ന ആരോപണങ്ങളെയും നേതാക്കള്‍ വിമര്‍ശിച്ചു. ആം ആദ്‌മി പാര്‍ട്ടിയെ തകര്‍ക്കാനുള്ള ഗൂഡാലോചനയാണ് കേന്ദ്ര സര്‍ക്കാര്‍ നടത്തുന്നതെന്ന് സഞ്ജയ് സിംഗ് പറഞ്ഞു. ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് ലോക്സഭയില്‍ നുണ പറയാന്‍ പാടില്ലായിരുന്നെന്ന് കുമാര്‍ ബിശ്വാസ് പറഞ്ഞു. ഗജേന്ദ്ര സിംഗ് ആത്മഹത്യയ്ക്ക് ശ്രമിച്ചപ്പോള്‍ ആം ആദ്‌മി പ്രവര്‍ത്തകര്‍ അദ്ദേഹത്തെ രക്ഷിക്കുന്നതിനു പകരം കൈയടിച്ച് പ്രോത്സാഹിപ്പിക്കുകയായിരുന്നെന്ന് രാജ്‌നാഥ് സിംഗ് പാര്‍ലമെന്റില്‍ പറഞ്ഞിരുന്നു.
 
അതേസമയം, ഇത് ദു:ഖകരമായ സംഭവമാണെന്നും രാജ്യത്ത് നിരവധി കര്‍ഷകര്‍ ആത്മഹത്യ ചെയ്യുന്നുണ്ടെന്നും മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍  സിംഗ് പറഞ്ഞു. കര്‍ഷരുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താന്‍ എല്ലാ പാര്‍ട്ടികളും ഒന്നിച്ചു നീങ്ങണമെന്നും സിംഗ് പറഞ്ഞു.
 
ഇതിനിടെ ഗജേന്ദ്ര സിംഗിന്റെ രാജസ്ഥാനിലെ ദൌസയിലെ വീട്ടിലേക്ക് ആം ആദ്‌മി പാര്‍ട്ടി പ്രതിനിധി സംഘത്തെ അയച്ചു.