അസ്സം സ്ഫോടനം: കേന്ദ്രത്തിന് ആശങ്ക

Webdunia
വെള്ളി, 31 ഒക്‌ടോബര്‍ 2008 (12:24 IST)
PTIPTI
അസ്സമിലെ സ്ഫോടന പരമ്പരയില്‍ കേന്ദ്രമന്ത്രിസഭ ആശങ്ക രേഖപ്പെടുത്തി. സ്ഥിതിഗതികള്‍ മെച്ചപ്പെടുത്തുന്നതിന് എത്രയും പെട്ടന്ന് നടപടികള്‍ സ്വീകരിക്കാന്‍ ആഭ്യന്തര മന്ത്രി ശിവരാജ് പാട്ടീലിന് മന്ത്രിസഭായോഗം നിര്‍ദ്ദേശം നല്‍കി.

ഇന്ന് ആഭ്യന്തര മന്ത്രി അസ്സമില്‍ സ്ഫോടനം നടന്ന പ്രദേശങ്ങള്‍ സന്ദര്‍ശിക്കും. പ്രതിപക്ഷ നേതാവ് എല്‍ കെ അദ്വാനിയും ഇന്ന് അസ്സം സന്ദര്‍ശിക്കുന്നുണ്ട്. സ്ഫോടനത്തില്‍ ഇതുവരെ 75ഓളം പേര്‍ കൊല്ലപ്പെടുകയും 400ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായാണ് വിവരം.

സ്ഫോടനത്തില്‍ മരണമടഞ്ഞവരുടെ ബന്ധുക്കള്‍ക്ക് കേന്ദ്രം ഒരു ലക്ഷം സഹായവും ഗുരുതരമായി പരിക്കേറ്റവര്‍ക്ക് 50000 രൂപയും നല്‍കും. ഉള്‍ഫക്കു പുറമേ ജിഹാദി സംഘടനകളുടെ പങ്കും സ്ഫോടനത്തില്‍ ഉണ്ടാകാന്‍ സാദ്ധ്യത കൂടുതലാണ്.

ഇത്രമേല്‍ ആസൂത്രിതമായ ഉഗ്രസ്ഫോടനങ്ങള്‍ ഉള്‍ഫ നടത്തില്ലെന്നു കരുതുന്നവരാണ് അധികവും. ബംഗ്ലാദേശ് ആസ്ഥാനമായുള്ള ഹുജിയാണ് സംശയത്തിന്‍റെ മുള്‍മുനയില്‍ നില്‍ക്കുന്നത്.