അഴിമതി: ഇന്ത്യ മുന്നില്‍

Webdunia
ചൊവ്വ, 29 മാര്‍ച്ച് 2011 (17:13 IST)
ഇങ്ങനെ പോയാല്‍ അഴിമതിയുടെ കാര്യത്തില്‍ നമ്മുടെ രാജ്യം ഒന്നാം സ്ഥാനം ഒപ്പിച്ചെടുക്കും എന്നുറപ്പായി. ഏഷ്യ-പസഫിക് മേഖലയില്‍ ഏറ്റവും അഴിമതിയുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ നാലാം സ്ഥാനമാണ് നേടിയിരിക്കുന്നത്. ഹോങ്കോങ് ആസ്ഥാനമായ പി ഇ ആര്‍ സി എന്ന ബിസിനസ്സ് കണ്‍സള്‍ട്ടന്‍സി നടത്തിയ സര്‍വെ പ്രകാരമാണിത്.

സ്പെക്‍ട്രം ക്രമക്കേട്, കോമണ്‍വെല്‍ത്ത് ഗെയിംസ് അഴിമതി, ഭൂമി കുംഭകോണം, വോട്ടിന് കോഴ എന്നിങ്ങനെ അഴിമതിയുടെ നിര നീളുമ്പോള്‍ ഇന്ത്യയെങ്ങനെ മുന്നിലെത്താതിരിക്കും?

കംബോഡിയയ്ക്കാണ് പട്ടികയില്‍ ഒന്നാം സ്ഥാനം. ഇന്തോനേഷ്യ, ഫിലിപ്പീന്‍സ് എന്നീ രാജ്യങ്ങള്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. 16 രാജ്യങ്ങളെ ഉള്‍പ്പെടുത്തിയാണ് സര്‍വെ നടത്തിയത്.

സിംഗപ്പൂരിലാണ് ഏറ്റവും കുറവ് അഴിമതി കടെത്തിയത്. ഹോങ്കോങ്, ഓസ്ട്രേലിയ, ജപ്പാന്‍, യു എസ് എ എന്നീ രാജ്യങ്ങളിലും അഴിമതി നന്നേ കുറവാണെന്ന് തെളിഞ്ഞു.

ഇന്ത്യയില്‍ ദേശീയ രാഷ്‌ട്രീയത്തില്‍ ഉള്ളതിനേക്കാള്‍ അഴിമതി നടക്കുന്നത് പ്രാദേശിക തലത്തിലാണെന്ന് സര്‍വെ ചൂണ്ടിക്കാട്ടുന്നു.