അമിത്തിനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു

Webdunia
വെള്ളി, 22 ഫെബ്രുവരി 2008 (16:49 IST)
ഗുഡ്‌ഗാവ് കിഡ്നി റാക്കറ്റ് കേസിലെ മുഖ്യ പ്രതികളിലൊരാളായ ഡോക്‍ടര്‍ അമിത് കുമാറിനെ ഡല്‍ഹിയിലെ അംബാലയിലെ സി.ബി.ഐ കോടതി വെള്ളിയാഴ്‌ച മാര്‍ച്ച് ഏഴു വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. അമിത്തിനെ പൊലീസ് കസ്റ്റഡിയില്‍ വിടണമെന്ന് സി.ബി.ഐ അഭിഭാഷകന്‍ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നില്ല.

അമിത്തിനെ കുടുംബാംഗങ്ങളുമായി ടെലിഫോണില്‍ സംസാരിക്കുന്നതിന് അനുവദിക്കണമെന്ന് അയാളുടെ അഭിഭാഷകന്‍ കോടതിയില്‍ ആവശ്യപ്പെട്ടു. എന്നാല്‍ കോടതി ഇതിന് അനുമതി നല്‍കിയിരില്ല. അതേസമയം കാനഡയിലുള്ള ബന്ധുക്കളുമായി ടെലിഫോണില്‍ സംസാരിക്കുന്നതിന് അമിത്തിനെ റിമാണ്ടിലിരിക്കുമ്പോള്‍ സി.ബി.ഐ അനുവദിച്ചിരുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

കനത്ത സുരക്ഷയിലാണ് അമിത്തിനെ കോടതിയില്‍ ഹാജരാക്കിയത്. കോടതിക്കുള്ളില്‍ പ്രവേശിക്കുന്നതിന് മാധ്യമപ്രവര്‍ത്തകരെ അനുവദിച്ചില്ല. അവയവ കൈമാറ്റ നിയമം ലംഘിച്ചതടക്കമുള്ള നിരവധി കുറ്റാരോപണങ്ങളാണ് അമിത്ത് നേരിടുന്നത്. അമിത്തിന്‍റെ സഹോദരന്‍ ഡോക്‍ടര്‍ ജീവന്‍ കുമാറിനെ കോടതി ഫെബ്രുവരി 29 വരെ സി.ബി.ഐ കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്.