അമര്‍നാഥ് തീര്‍ഥാടകര്‍ക്കുള്ള നിയന്ത്രണം മാറ്റി

Webdunia
തിങ്കള്‍, 22 ജൂലൈ 2013 (12:15 IST)
PTI
PTI
അമര്‍നാഥ് തീര്‍ഥാടകര്‍ക്കുള്ള നിയന്ത്രണം മാറ്റി. കശ്മീരില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ച പശ്ചാത്തലത്തില്‍ അമര്‍നാഥ് തീര്‍ഥാടകര്‍ക്ക് ജമ്മു കശ്മീര്‍ അധികൃതര്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. റംബാന്‍ ജില്ലയിലെ ഗൂള്‍ മേഖലയിലുണ്ടായ വെടിവയ്പില്‍ നാലു പേര്‍ മരിച്ചതിനെ തുടര്‍ന്നായിരുന്നു തീര്‍ഥാടനം നിര്‍ത്തിവച്ചിരുന്നതും കര്‍ഫ്യൂ പ്രഖ്യാപിച്ചതും.

നിയന്ത്രണം പിന്‍വലിച്ച സാഹചര്യത്തില്‍ 45 സന്യാസിമാര്‍ ഉള്‍പ്പെടെ 1834 തീര്‍ഥാടകര്‍ കനത്ത പൊലീസ് സുരക്ഷയോടെ ജമ്മു കശ്മീര്‍ ബേസ് ക്യാമ്പ് വിട്ടു. വാഹന ഗതാഗതത്തിനായി ജമ്മു ശ്രീനഗര്‍ ഹൈവേ തുറന്ന് നല്‍കി.

വ്യാഴാഴ്ച ബിഎസ്എഫുമായുണ്ടായ ഏറ്റമുട്ടലില്‍ റംബാന്‍ ജില്ലയിലെ നാലു പേര്‍ മരിച്ചിരുന്നു. തുടര്‍ന്ന് വെടിവയ്പില്‍ പ്രതിഷേധിച്ച് ഹുരീയത്ത് കോണ്‍ഫറന്‍സ് ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ ജനജീവിതം സ്തംഭിച്ചു. കഴിഞ്ഞ വെള്ളിയാഴ്ചയും ശനിയാഴ്ചയും റംബാന്‍ മേഖലയില്‍ നിയമപാലകരും പ്രതിഷേധകാരികളുമായുണ്ടായ ഏറ്റമുട്ടലില്‍ നൂറോളം പേര്‍ക്ക് പരിക്കേറ്റിരുന്നു.

ഞായറാഴ്ച തന്നെ കര്‍ഫ്യൂ നീക്കിയെങ്കിലും റംബാനില്‍ കടകളും സര്‍ക്കാര്‍ സ്ഥാപനങ്ങളും പ്രവര്‍ത്തിച്ചിരുന്നില്ല. സര്‍ക്കാര്‍ ഗതാഗത സംവിധാനങ്ങളും നിരത്തിലിറങ്ങിയില്ല.