അബ്‌ദുള്‍ കലാം കുഴഞ്ഞുവീണു, നില അതീവഗുരുതരം

Webdunia
തിങ്കള്‍, 27 ജൂലൈ 2015 (20:50 IST)
മുന്‍ രാഷ്ട്രപതി എ പി ജെ അബ്‌ദുള്‍ കലാം ഗുരുതര നിലയില്‍. ഷില്ലോങില്‍ ഒരു പരിപാടിയില്‍ പങ്കെടുക്കുന്നതിനിടെ കുഴഞ്ഞുവീണ അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അദ്ദേഹത്തിന് ഹൃദയാഘാതമുണ്ടായതായാണ് റിപ്പോര്‍ട്ടുകള്‍. സ്ഥിതി അതീവ ഗുരുതരമാണെന്നാണ് വിവരം.
 
ഷില്ലോങ് ഐ ഐ എമ്മില്‍ പ്രബന്ധം അവതരിപ്പിക്കുന്നതിനിടെയാണ് കലാം കുഴഞ്ഞുവീണത്. ഇപ്പോള്‍ അദ്ദേഹത്തെ ബദനി ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. 
 
വൈകുന്നേരം 6.52ന് ഒരു വലിയ ഹൃദയാഘാതം ഉണ്ടായി എന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചിരിക്കുന്നത്. അദ്ദേഹം വെന്‍റിലേറ്ററിലാണെന്നും ഡോക്ടര്‍മാര്‍ അറിയിക്കുന്നു.
 
പ്രത്യേക മെഡിക്കല്‍ സംഘം ആശുപത്രിയിലെത്തിയിട്ടുണ്ട്. മേഘാലയയിലെ മന്ത്രിമാരും ആശുപത്രിയിലുണ്ട്. കേന്ദ്രസര്‍ക്കാര്‍ സ്ഥിതിഗതി നിരീക്ഷിച്ചുവരികയാണ്. 
 
തിങ്കളാഴ്ച രാവിലെയാണ് എ പി ജെ അബ്‌ദുള്‍ കലാം ഷില്ലോങ്ങിലെത്തിയത്. വൈകുന്നേരം പ്രബന്ധം അവതരിപ്പിക്കുന്നതിനിടെ അദ്ദേഹത്തിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും കുഴഞ്ഞുവീഴുകയുമായിരുന്നു.