മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനായ ലക്ഷകര്‍ ഭീകരന്‍ സെയ്ദ് സബീയുദ്ദീന്‍ അന്‍സാരി(അബു ജുന്റാല്‍)യുടെ അറസ്റ്റ് ഭീകരവാദത്തിനെതിരായ ഇന്ത്യയുടെ പോരാട്ടത്തിലെ നിര്‍ണ്ണായക വഴിത്തിരിവാണ്. 26/11ല്‍ പാകിസ്ഥാനുള്ള പങ്ക് ജുന്റാലിന്റെ മൊഴിയിലൂടെ വ്യക്തമായതായി ആഭ്യന്തരമന്ത്രി പി ചിദംബരം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
ഒരു വര്‍ഷത്തെ ശ്രമങ്ങള്‍ക്കൊടുവിലാണ് ഇന്ത്യ ജുന്റാലിനെ കുടുക്കിയത്. സൌദി അറേബ്യയില്‍ കഴിയുകയായിരുന്ന ഇയാളുടെ ഓരോ നീക്കവും നിരീക്ഷിച്ചുവരികയായിരുന്നു. ജുന്റാലിന്റെ ഇന്റര്‍നെറ്റിലെ പ്രവര്‍ത്തനങ്ങളും ഇയാളെ കുടുക്കാന്‍ സഹായകമായി. ഇന്ത്യയ്‌ക്കെതിരേയുള്ള ഭീകര പ്രവര്‍ത്തനങ്ങളിലേക്ക് യുവാക്കളെ ആകര്‍ഷിക്കാന്‍ ജുന്‍ഡാല്‍ ഒരു ജിഹാദി വെബ്‌സൈറ്റ് തുടങ്ങിയിരുന്നു. അമേരിക്കയില്‍ പിടിയിലായ ഡേവിഡ് ഹെഡ്‌ലി നടത്തിയ വെളിപ്പെടുത്തലുകള്‍, ഭീകരവാദവുമായി ബന്ധപ്പെട്ട മറ്റ് കാഴ്ചപ്പാടുകള്‍ എന്നിവ ജുന്റാല്‍ ഈ വെബ്സൈറ്റിലൂടെ പങ്കുവച്ചിരുന്നു. ഇതിന്റെ ചുവടുപിടിച്ചുള്ള അന്വേഷണത്തില്‍ റിയാദ് ആണ് ഇയാളുടെ പ്രവര്‍ത്തന മേഖലയെന്ന് സ്ഥിരീകരിക്കാന്‍ രഹസ്യാന്വേഷണവിഭാഗത്തിന് സാധിച്ചു.
ഇതിനിടെ സോഷ്യല്‍നെറ്റ്വര്‍ക്കിംഗ് സൈറ്റായ ഫേസ്ബുക്കില്‍ ഇയാള്‍ സ്വന്തം പേരില്‍ അക്കൌണ്ട് തുടങ്ങി. 30 ഓളം കള്ളപ്പേരുകളുള്ള ഇയാള്‍ സബീയുദ്ദീന്‍ അന്‍സാരി എന്ന പേരില്‍ അക്കൌണ്ട് തുടങ്ങിയതോടെയാണ് ഇയാള്‍ യഥാര്‍ത്ഥത്തില്‍ ആരാണെന്ന് രഹസ്യാന്വേഷണവിഭാഗത്തിന് ബോധ്യമായി. അങ്ങനെ ഇയാളുടെ നാല് ഇമെയില്‍ അക്കൌണ്ടുകളും ഫോണ്‍ നമ്പറും മറ്റ് വിവരങ്ങളും അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തി. ജുന്റാല്‍ വേട്ടയിലെ ബലപ്പെട്ട തെളിവായിരുന്നു ആ ഫേസ്ബുക്ക് അക്കൌണ്ട്. അങ്ങനെ സ്വയം കുഴിച്ച കുഴിയില്‍ ഇയാള്‍ വീണു.
2009- ല്‍ പാകിസ്ഥാന്‍ സ്വദേശിനിയെ ജുന്റാല്‍ വിവാഹം കഴിച്ചതായും റിപ്പോര്‍ട്ടുണ്ട്.