അബു ജിന്റാലിന്റെ അറസ്റ്റില്‍ കസബ് അമ്പരന്നു, അസ്വസ്ഥനായി!

Webdunia
ബുധന്‍, 27 ജൂണ്‍ 2012 (12:35 IST)
PRO
PRO
വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ആര്‍തര്‍ റോഡ് ജയിലില്‍ കഴിയുന്ന പാക് ഭീകരന്‍ അജ്മല്‍ കസബ് ഒരിക്കലും കേള്‍ക്കാന്‍ ആഗ്രഹിക്കാത്ത വാര്‍ത്തയാണ് അത്. മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ സയീബുദ്ദീന്‍ അന്‍സാരി(അബു ജിന്റാല്‍ എന്ന അബു ഹംസ)യുടെ അറസ്റ്റ്. കസബും കൂട്ടാളികളും ചേര്‍ന്ന് 166 പേരെ കൊന്നുതള്ളുമ്പോള്‍ കറാച്ചിയിലെ കണ്ട്രോള്‍ റൂമില്‍ ഇരുന്ന് അവരെ നിയന്ത്രിച്ചത് അബു ജിന്റാല്‍ ആയിരുന്നു.

ജിന്റാല്‍ അറസ്റ്റിലായി എന്ന് ജയില്‍ ഗാര്‍ഡുമാര്‍ അറിയിച്ചപ്പോള്‍ ആദ്യം കസബ് അമ്പരന്നു. ജിന്റാലിനെ ആര്‍തര്‍ റോഡ് ജയിലിലേക്ക് കൊണ്ടുവരുമോ എന്നായിരുന്നു കസബിന്റെ ആദ്യ ചോദ്യം. എന്നാണ് അറസ്റ്റ് ഉണ്ടായതെന്നും ആരാഞ്ഞു. കസബിനെയും ജിന്റാലിനെയും ഒരുമിച്ച് ചോദ്യം ചെയ്യാനുള്ള ശ്രമത്തിലാണ് അന്വേഷണസംഘം. ഇതിനായി കോടതിയില്‍ അപേക്ഷ നല്‍കിക്കഴിഞ്ഞു.

പ്രത്യേക ബോംബ് പ്രൂഫ് സെല്ലില്‍ കഴിയുന്ന കസബിന് ടെലിവിഷന്‍, പത്രം തുടങ്ങിയവ ലഭ്യമല്ല. കലണ്ടര്‍ പോലും കസബിന് നല്‍കിയിട്ടില്ല. തീയതിയും മാസവും അറിയണമെങ്കില്‍ പോലും ഗാര്‍ഡുമാരോട് ചോദിക്കണം. കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കസബിനോട് ചര്‍ച്ച ചെയ്യരുതെന്ന് ഗാര്‍ഡുമാര്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുമുണ്ട്.