അനധികൃത സ്വത്ത് സമ്പാദന കേസ്: ജഗന്‍മോഹന്‍ റെഡ്ഡി ജയില്‍ മോചിതനായി

Webdunia
ചൊവ്വ, 24 സെപ്‌റ്റംബര്‍ 2013 (19:55 IST)
PRO
PRO
അനധികൃത സ്വത്ത് സമ്പാദന കേസില്‍ അറസ്റ്റിലായ വൈഎസ്ആര്‍ കോണ്‍ഗ്രസ് നേതാവ് ജഗന്‍മോഹന്‍ റെഡ്ഡി ജയില്‍ മോചിതനായി. കേസില്‍ സിബിഐ പ്രത്യേക കോടതി ഇന്നലെയാണ് ജഗന് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. ജഗനെ വരവേല്‍ക്കാന്‍ ചഞ്ചല്‍ഗുഡ ജയിലിന് പുറത്ത് പാര്‍ട്ടി പ്രവര്‍ത്തകര്‍ തടിച്ചു കൂടിയിരുന്നു.

അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന കേസില്‍ 2012 മെയിലാണ് ജഗന്‍മോഹന്‍ റെഡ്ഡിയെ സിബിഐ അറസ്റ്റ് ചെയ്തത്. ജഗനെതിരെ ഇതുവരെയായി പത്തു കുറ്റപത്രങ്ങള്‍ സമര്‍പ്പിച്ചിട്ടുണ്ട്. കേസില്‍ അന്വേഷണം പൂര്‍ത്തിയായതായി സിബിഐ കോടതിയെ അറിയിച്ചിരുന്നു. കോടതിയുടെ അനുമതിയില്ലാതെ ഹൈദരാബാദ് വിടരുതെന്ന നിബന്ധനയോടെയാണ് ജാമ്യം അനിവദിച്ചിരിക്കുന്നത്.

ഐക്യ ആന്ധ്രയ്ക്ക് വേണ്ടി നിലകൊള്ളുമെന്ന് ജയില്‍ മോചിതനായ ജഗന്‍മോഹന്‍ പറഞ്ഞു. ആന്ധ്രാ വിഭജനത്തെ തുടക്കം മുതലെ എതിര്‍ക്കുന്ന പാര്‍ട്ടിയാണ് വൈഎസ്ആര്‍ കോണ്‍ഗ്രസ്. പൊതു തെരഞ്ഞെടുപ്പ് വരാനിരിക്കെ കോണ്‍ഗ്രസുമായുള്ള ഒത്തുകളിയുടെ ഫലമായാണ് ജഗന് ജാമ്യം ലഭിച്ചതെന്ന് തെലുങ്കുദേശം പാര്‍ട്ടി ആരോപിച്ചു. തെരഞ്ഞെടുപ്പില്‍ ജഗനെ അനുനയിപ്പിച്ച് ഒപ്പം നിര്‍ത്താനാണ് കോണ്‍ഗ്രസ് ശ്രമം. ബിജെപിയും വൈഎസ്ആര്‍ കോണ്‍ഗ്രസിനായി രംഗത്തുണ്ട്.

ആന്ധ്രയിലെ ഉപതെരഞ്ഞെടുപ്പില്‍ മത്സരിച്ച് വൈഎസ്ആര്‍ കോണ്‍ഗ്രസ് ശക്തി തെളിയിച്ചത് കോണ്‍ഗ്രസിന് തലവേദനയായിരുന്നു. അച്ഛന്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ഭരണത്തിലുള്ള സ്വാധീനം ഉപയോഗിച്ച് അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്നാണ് ജഗനെതിരായ കേസ്. നിയമസഭാംഗങ്ങളും മുന്‍മന്ത്രിമാരുമടക്കം നിരവധി പേരെ സിബിഐ പ്രതിചേര്‍ത്തിട്ടുണ്ട്.