പാചകവാതക വില പ്രതിമാസം 10 രൂപ വര്‍ധിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നു. പാചകവാതക വില പ്രതിമാസം 10 രൂപ വര്‍ധിപ്പിക്കാനോ അല്ലെങ്കില്‍ മൂന്നു മാസത്തില്‍ 25 രൂപ വര്‍ധിപ്പിക്കാനോ ആണ് കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നത്. അടുത്ത ക്യാബിനറ്റ് യോഗത്തില്‍ വില വര്‍ധിപ്പിക്കാനാണ് സാധ്യത.
രൂപയുടെ മൂല്യത്തകര്‍ച്ചയാണ് പാചകവാതക വില വര്‍ധിപ്പിക്കാനുള്ള ന്യായീകരണമായി എണ്ണക്കമ്പനികള്‍ ഉയര്‍ത്തിക്കാട്ടുന്നത്. എണ്ണക്കമ്പനികളുടെ നിര്‍ദ്ദേശം അതേപടി നടപ്പിലായാല്‍ പാചകവാതക വില പ്രതിവര്‍ഷം 100 മുതല്‍ 125 രൂപ വരെ വര്‍ധിക്കും.
സബ്‌സിഡിയോടെ ലഭിക്കുന്ന സിലിണ്ടറുകളുടെ എണ്ണം നേരത്തെ വെട്ടിക്കുറച്ചിരുന്നു. ഗ്യാസ് എജന്‍സികളില്‍ ആധാര്‍ കാര്‍ഡുകള്‍ സമര്‍പ്പിക്കാത്തവര്‍ക്ക് സബ്സിഡി ലഭിക്കില്ല എന്ന തീരുമാനത്തിനെതിരെ കഴിഞ്ഞ ദിവസം പാര്‍ലമെന്‍റില്‍ വലിയ പ്രതിഷേധമാണ് നടന്നത്. ഇതേത്തുടര്‍ന്ന് സബ്സിഡി സിലിണ്ടറുകള്‍ ലഭിക്കുന്നതിന് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമല്ലെന്ന് കേന്ദ്രം അറിയിച്ചിരുന്നു.
പാചകവാതകത്തിന് പുറമേ ഡീസലിന്‍റെ വിലയും വര്‍ധിപ്പിക്കണമെന്ന് എണ്ണക്കമ്പനികള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇപ്പോള്‍ പ്രതിമാസം 50 പൈസയാണ് ഡീസലിന് വര്‍ധിപ്പിക്കുന്നത്. ഇതുകൂടാതെ മൂന്നുരൂപയുടെ വര്‍ധന വേണമെന്നാണ് കമ്പനികള്‍ ആവശ്യപ്പെടുന്നത്.