ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവിന് ബിജെപി നേതാവ് ഉമാ ഭാരതിയുടെ താക്കീത്. മുസാഫര്‍നഗര്‍ കലാപവുമായി ബന്ധപ്പെട്ടാണ് ഉമാ ഭാരതി അഖിലേഷ് യാദവിന് മുന്നറിയിപ്പ് നല്‍കിയത്.
അനാവശ്യമായി തങ്ങളുടെ നേതാക്കള്‍ക്കെതിരെ അറസ്റ്റ് നടപടികള്‍ ഉണ്ടായാല്‍ കനത്ത പ്രത്യാഘാതം നേരിടേണ്ടി വരുമെന്നാണ് ഉമ ഭാരതി അഖിലേഷ് യാദവിന് മുന്നറിയിപ്പ് നല്‍കിയത്. ബിജെപി എംഎല്‍എമാരെ അനാവശ്യ കാരണങ്ങള്‍ക്ക് അറസ്റ്റ് ചെയ്ത് മറ്റൊരു കലാപം സൃഷ്ടിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും ഉമാ ഭാരത്തി കുറ്റപ്പെടുത്തി.
തങ്ങളുടെ എം.എല്‍.എമാര്‍ അറസ്റ്റിനെ എതിര്‍ക്കില്ല. എന്നാല്‍ പിന്നീടുണ്ടാകുന്ന സംഭവങ്ങള്‍ക്ക് സര്‍ക്കാരായിരിക്കും ഉത്തരവാദിയെന്നും ഉമാഭാരതി വ്യക്തമാക്കി. കലാപക്കേസില്‍ ബിജെ.പി എംഎല്‍എ സംഗീത് സോമിനെ അറസ്റ്റ് ചെയ്യാനുള്ള നടപടിയ്ക്കെതിരെ പ്രതികരിക്കുകയായിരുന്നു ഉമാ ഭാരതി.
അതിനിടയില്‍ കലാപവുമായി ബന്ധപ്പെട്ട് പുറത്തിറങ്ങിയ ദൃശ്യങ്ങള്‍ വ്യാജമാണെന്ന് മന്ത്രി അസംഖാന്‍ വ്യക്തമാക്കി. മനപ്പൂര്‍വ്വം തന്നെ അപമാനപ്പെടുത്താന്‍ വേണ്ടിയാണ് ഇത്തരത്തിലുള്ള ദൃശ്യങ്ങള്‍ പുറത്തിറക്കിയെന്നാണ് മന്ത്രി ആരോപിച്ചത്.