സമാധാനത്തിന്‍റെ സന്ദേശമായി വീണ്ടുമൊരു നബിദിനം

Webdunia
സമാധാനാത്തിന്‍റെ നറുസന്ദേശവുമായി വീണ്ടും ഒരു നബിദിനം. ഇസ്‌ലാം മതക്കാരുടെ അന്ത്യപ്രവാചകന്‍ മുഹമ്മദ് നബിയുടെ ജന്‍‌മ ദിനമായ റബീഉല്‍ അവ്വല്‍ 12 ലോകമെങ്ങും ആഘോഷിക്കപ്പെടുകയാണ്.

പ്രവാചകനെ അടുത്തറിയാനും നബി ഗീതങ്ങള്‍ പാരായണം ചെയ്യാനും പ്രവാചക ചര്യകള്‍ കൂടുതല്‍ മുറുകെ പിടിക്കാനും മുസ്‌ലിംകള്‍ കൂടുതല്‍ ഉത്സുകരാകുന്ന സമയം കൂടിയാണിത്. വീടുകളും മസ്ജിദുകളും മൌലിദുകളാല്‍ മുഖരിതമാവുന്നു; ആഘോഷപുളകിതമാകുന്നു.

ക്രിസ്ത്വബ്ദം 571 ഏപ്രില്‍ 21 ന് പുലര്‍ച്ചെ സുബ്‌ഹിയോട് അടുത്ത സമയത്താണ് മുഹമ്മദ് നബി ജനിച്ചത്. ഖുറൈസി ഗോത്രക്കാരനായ പിതാവ് അബ്ദുല്ല നബിയുടെ ജനനത്തിന് മുന്നെ മരണമടഞ്ഞു. പിന്നീട് നബിക്ക് ആറു വയസ്സുള്ളപ്പോള്‍ മാതാവ് ആമിനയും മരണപ്പെട്ടു.

പ്രവാചകന്‍ മുഹമ്മദ് നബിയുടെ ജന്‍‌മ മാസമായ ഹിജ്‌റ കലണ്ടറിലെ മൂന്നാം മാസം റബീഉല്‍ അവ്വല്‍ ഒന്നു മുതല്‍ തന്നെ ആഘോഷങ്ങളും ആ‍ചാരങ്ങളും തുടങ്ങും. സമാധാനത്തിന്‍റെ മാനവീകതയുടെ സന്ദേശപ്രചാരണം കൂടിയാണ് നബിദിനം.

ജാതിമതങ്ങള്‍ക്കതീതമായ സ്നേഹവും കാരുണ്യവും നബി ജീവിതത്തിന്‍റെ സന്ദേശമാണ്. അറബ് നാട്ടിലെ ജാഹിലിയാ കാലഘട്ടത്തില്‍ പെണ്‍കുഞ്ഞുങ്ങളെ ജീവനോടെ കുഴിച്ചു മൂടുന്നവര്‍ക്ക് നന്‍‌മയുടെ വഴികാട്ടിയായിരുന്നു മുഹമ്മദ് നബി. അയല്‍ക്കാരന്‍ പട്ടിണി കിടക്കുമ്പോള്‍ വയറു നിറയ്ക്കുന്നവന്‍ എന്നില്‍ പെട്ടവനെല്ലെന്നാണ് നബി ഒരിക്കല്‍ പറഞ്ഞത്.

സ്നേഹവും സഹാനുഭൂതിയും നല്‍കുന്നിടത്ത് അയല്‍ക്കാരന്‍റെ മതമോ ജാതിയോ ദേശമോ ഒന്നും നോക്കരുതെന്നാണ്‌ പ്രവാചക സന്ദേശം. നിരവധി ബുദ്ധിമുട്ടുകള്‍ സഹിച്ചാണ് പ്രവാചകന്‍ മുഹമ്മദ് നബി ഇസ്‌ലാം മതം പ്രചരിപ്പിച്ചത്. നബി ഒരിക്കലും വിജയ ലഹരിയോ ആഡംബര ജീവിതമോ നയിച്ചിരുന്നില്ല. കീറിപ്പറിയാത്ത, തുന്നിപ്പിടിപ്പിക്കാത്ത ഒരു വസ്ത്രം പോലും നബിക്ക് ഉണ്ടായിരുന്നില്ലത്രെ.

മറ്റുമതസ്ഥരുടെ ആരാധനകളെ ബഹുമാനിച്ചിരുന്നു വ്യക്തിയായിരുന്നു നബി‌. ജൂത സമുദായക്കാര്‍ക്ക് അവരുടെ ആചാരങ്ങളും ആരാധനകളും നടത്താനായി പൂര്‍ണ സ്വാതന്ത്ര്യവും സാഹചര്യങ്ങളും നബിയുടെ ഭരണക്കാലത്ത് നല്‍കിയിരുന്നതായി ഹദീസുകളില്‍ വ്യക്തമാക്കുന്നുണ്ട്. നന്‍‌മയും സ്നേഹവും കൊണ്ട് മനുഷ്യ ഹൃദയങ്ങളെ കീഴടക്കിയ വ്യക്തിയായിരുന്നു പ്രവാചകന്‍ മുഹമ്മദ് നബി.

ഹിജ്‌റ 11 റബീഉല്‍ അവ്വല്‍ 12ന്‌ തിങ്കളാഴ്ച (എഡി 632 ജൂണ്‍ ഏഴ്‌) മുഹമ്മദ്‌ നബി ഈ ലോകത്തോട് വിടപറഞ്ഞു. 63 വയസ്സായിരുന്നു. മദീന പള്ളിയിലെ റൗളാ ശരീഫിലാണ്‌ മുഹമ്മദ് നബിയെ കബറടക്കിയിരിക്കുന്നത്.