യേശുദാസിന്‍റെ താടി വീണ്ടും കറുത്തു, എങ്ങനെ?

Webdunia
ചൊവ്വ, 15 നവം‌ബര്‍ 2011 (19:35 IST)
PRO
പ്രായം എഴുപത് കടന്നാലും ഒരൊറ്റ മുടി പോലും കറുക്കാതെ സൂക്ഷിച്ച യേശുദാസിനെയാണ് നമുക്ക് പരിചയം. പ്രായാധിക്യത്തില്‍ സ്വരമൊന്ന് ഇടറിയാലും മുടി കറുക്കരുതെന്ന് ദൃഢപ്രതിജ്ഞ എടുത്ത ആളാണ് യേശുദാസ്. ഭാര്യ പ്രഭയുടെ നിര്‍ബന്ധപ്രകാരം ആയിരുന്നു ഇത്. എന്തായാലും താനിനി മുടി ഡൈ ചെയ്യാനില്ല എന്നാണ് യേശുദാസ് കുറച്ചുനാള്‍ മുമ്പ് പറഞ്ഞത്. അതിന് ശേഷം നരച്ച താടിയും മുടിയുമായി യേശുദാസ് പൊതു ഇടങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരുന്നു.

എന്നാല്‍ തന്‍റെ സംഗീതജീവിതത്തിന്‍റെ അമ്പതാം വാര്‍ഷികദിനത്തില്‍ ‘മല്ലുസിംഗ്’ എന്ന ചിത്രത്തിനുവേണ്ടി യേശുദാസ് പാട്ടുപാടാനെത്തിയത് കറുത്ത താടിയും മുടിയുമായി. വീണ്ടും ഡൈ ഉപയോഗിച്ച് കൂടുതല്‍ സുന്ദരനായ യേശുദാസ്. ഇനി താടിയും മുടിയും കറുപ്പിക്കാനില്ലെന്ന് തീരുമാനമെടുത്ത ഗാനഗന്ധര്‍വ്വന് ദിവസങ്ങള്‍ക്കകം അത് തിരുത്തേണ്ടിവന്നതെങ്ങനെ?

തന്‍റെ കൊച്ചുമകളായ അമേയയാണ് വീണ്ടും മുടി കറുപ്പിക്കാന്‍ കാരണക്കാരിയായതെന്ന് യേശുദാസ് പറയുന്നു. “എന്‍റെ ഒരു പഴയ ഫോട്ടോ അമേയയുടെ കൈയിലുണ്ട്. അതുമായാണ് അവളുടെ നടപ്പ്. എന്‍റെ താടിയും മുടിയും വെളുത്തതോടെ ‘എന്‍റെ അപ്പൂപ്പന്‍ ഇതല്ലെന്നും ഫോട്ടോയിലുള്ളതാണെ’ന്നും അവള്‍ പറഞ്ഞു. അത് എനിക്ക് വല്ലാതെ ഫീല്‍ ചെയ്തു. ഡൈ ചെയ്യേണ്ട എന്ന തീരുമാനം അതോടെ തിരുത്തുകയും ചെയ്തു” - യേശുദാസ് പറയുന്നു.

തന്നെ നരച്ച താടിയും മുടിയുമായി കണ്ണാടിയില്‍ കാണുമ്പോള്‍ ചെറിയ വിഷമമുണ്ടായിരുന്നെന്നും ഡൈ ചെയ്തതോടെ വീണ്ടും ഉന്‍‌മേഷവാനായെന്നും യേശുദാസ് വ്യക്തമാക്കി.