ത്യാഗരാജ ആരാധന ഉത്സവം ജനു.23 മുതല്‍

Webdunia
ശനി, 22 ഡിസം‌ബര്‍ 2007 (14:41 IST)
PROPRO
ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ സംഗീത ഉത്സവങ്ങളില്‍ ഒന്നായ ത്യാഗരാജ ആരാധനാ സംഗീത ഉത്സവത്തിന് 2008 ജനുവരി 23 ന് തുടക്കം കുറിക്കും. നൂറ്റി അറുപത്തി ഒന്നാമത് ആരാധനാ ഉത്സവമാണ് 2008 ജനുവരിയില്‍ നടക്കുന്നത്.

തഞ്ചാവൂരില്‍ നിന്ന് 13 കിലോമീറ്റര്‍ അകലെയുള്ള തിരുവയ്യാറിലാണ് ത്യാഗരാജ ആരാധനാ ഉത്സവം അരങ്ങേറുന്നത്. ദക്ഷിണേന്ത്യയിലെ ഒട്ടുമിക്ക കര്‍ണ്ണാടക സംഗീതജ്ഞരും ഈ മേളയില്‍ പങ്കെടുക്കും എന്നതാണ് ഇതിന്‍റെ പ്രധാന പ്രത്യേകത.

ഇതിനായി വളരെ വിപുലമായ ഒരുക്കങ്ങളാണ് സംഘാടകര്‍ ഏര്‍പ്പെടുത്തീരിക്കുന്നത് എന്ന് സംഘാടക സമിതി പ്രസിഡന്‍റ് ജി.രംഗസ്വാമി മൂപ്പനാര്‍ പറഞ്ഞു.

കര്‍ണ്ണാടക സംഗീതത്തില്‍ പ്രഗത്ഭരായ മിക്കവരും പങ്കെടുക്കുന്ന ഈ ഉത്സവത്തില്‍ സംഘമായി പഞ്ചരത്ന കൃതികള്‍ ആലപാനം ചെയ്യുന്നു എന്നതാണ് ഒരു പ്രധാന പ്രത്യേകത.

1767-1847 കാലത്ത് ജീവിച്ചിരുന്ന കര്‍ണ്ണാടക സംഗീതത്തിലെ ആചാര്യനായിരുന്ന ത്യാഗരാജ സ്വാമികളെ കുറിച്ചുള്ള അനുസ്മരണമാണ് എട്ടു ദിവസം നീണ്ടു നില്‍ക്കുന്ന ഈ സംഗീത ഉത്സവത്തില്‍ നടക്കുന്നത്. തിരുവയ്യാറിലൂടെ ഒഴുകുന്ന കാവേരി നദിക്കരയില്‍ ത്യാഗരാജ സമാധിക്കടുത്തായാണ് സംഗീത ആരാധന നടക്കുന്നത്.

തിരുവയ്യാറില്‍ നിന്ന് 72 കിലോമീറ്റര്‍ അകലെയാണ് തിരുച്ചിറപ്പള്ളി വിമാനത്താവളം. അതേ സമയം തഞ്ചാവൂര്‍ വരെ റയില്‍‌മാര്‍ഗ്ഗം പോയ ശേഷം റോഡ് മാര്‍ഗ്ഗം 13 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ തിരുവയ്യാറിലെത്താം.