പൈതൃകത്തിന്‍റെ തിരുശേഷിപ്പായി ലഭിച്ച കളിവീണയില്‍ സംഗീതം കൊണ്ടൊരു താജ്മഹല്‍ തീര്‍ക്കുകയാണ് ഷാജഹാന്‍.
തിരുവനന്തപുരം പത്മനാഭസ്വാമി ക്ഷേത്രത്തിന്‍റെ കിഴക്കേ നടയില്‍ വീണയില്‍ ആശ്വാസത്തിന്‍റെ സംഗീതമുതിര്‍ത്തുകൊണ്ട് ഷാജഹാനുണ്ടാവും. വീണ വില്‍പ്പനക്കാരനായ ഷാജഹാന്‍ തന്‍റെ കളിവീണയുടെ നാദത്തിലൂടെ സായന്തനങ്ങളെ സംഗീത സാന്ദ്രമാക്കുന്നു.
ശാസ്ത്രീയമായി സംഗീതം പഠിച്ചയാളൊന്നുമല്ല ഷാജഹാന്‍. അയാള്‍ വീണവില്‍പ്പനക്കാരനാണ്. കളിവീണകള്‍ വിറ്റുകിട്ടുന്ന പണം കൊണ്ട് ഉപജീവനം നടത്തുന്ന പ്രതിഭാശാലിയായ ഒരു സാധാരണക്കാരന്‍.
അച്ഛനോടൊപ്പം വീണ വില്‍പ്പനക്കായി പോയിരുന്നകാലം തൊട്ടേ വീണ ഷാജഹാന്‍റെ കളിത്തോഴനായിരുന്നു. കൂട നിറയെ കളിവീണകളും ചുമന്ന് വില്‍പ്പനയില്‍ അച്ഛനെ സഹായിച്ചു നടന്ന കാലത്തു തന്നെ ഷാജഹാന്‍ വീണ വായിക്കാനും പഠിച്ചു. സ്കൂള്‍ വിദ്യാഭ്യാസത്തിനു ശേഷം വീണ നിര്‍മ്മാണത്തിലേക്കും ഷാജഹാന്‍റെ ശ്രദ്ധ തിരിഞ്ഞു.
ഈ കളിവീണ ലളിതമായൊരു സംഗീതോപകരണമാണ്. ഇതിന്‍റെ അസംസ്കൃത വസ്തുക്കള്‍ മുള, മണ്‍കലം, വര്‍ണ്ണക്കടലാസ്, കൈതയോല, ബ്രേക്ക് വയര്‍ എന്നിവയാണ്.
കാട്ടാക്കാടയില്‍ നിന്നാണ് ഷാജ-ഹാന്‍ മുളകൊണ്ടു വരുന്നത്. കൈതയോല ചാമിയാര്‍ മഠത്തുനിന്നും. മണ്‍കലം ആവശ്യത്തിനനുസരിച്ച് ഉണ്ടാക്കിക്കും. വീണയുടെ തന്ത്രികളായി ഉപയോഗിക്കുന്നത് ബ്രേക്ക് വയറാണ്.
മുളകള്‍ പാകത്തിനു മറിച്ച് വര്‍ണ്ണ കടലാസുകള്‍കൊണ്ട് പൊതിയുന്നതാണ് നിര്‍മ്മാണത്തിന്‍റെ ആദ്യപടി. പിന്നീട് മണ്‍കലം മുളയില്‍ ചേര്‍ത്ത് പിടിപ്പിക്കും. ബ്രേക്ക് വയര്‍ തന്ത്രികളായി കെട്ടും. കൈതയോല കുന്തിരിക്കപ്പൊടി കൊണ്ട് മിനുസപ്പെടുത്തും. വീണമീട്ടനുപയോഗിക്കുന്ന വില്ല് നിര്‍മ്മിക്കുന്നത് അതുകൊണ്ടാണ്.
ഈ കളിവീണകള്‍ക്ക് വിലയ്ക്കനുസരിച്ച് ചില മാറ്റങ്ങളുണ്ടാകും. 20 രൂപ മുതല്‍ 40 രൂപയുടെ വരെ വീണകളുണ്ട്. ഒരു ദിവസം ഏതാണ്ട് 20 ഓളം മുളകള്‍ തനിക്ക് നിര്‍മ്മിക്കാനാവുമെങ്കിലും വളരെ കുറച്ചു മാത്രം നിര്‍മ്മിച്ച് അത് വിറ്റു തീര്‍ക്കുകയാണ് താന്‍ ചെയ്യുന്നത് എന്ന് ഷാജഹാന്‍ പറയുന്നു.
ക്ഷേത്രത്തിലെത്തുന്ന ഭക്തജ-നങ്ങളാണ് ഷാജഹാന്‍റെ വീണകള്‍ വാങ്ങുന്നത്. സ്കൂള്‍ കുട്ടികളും വിദേശികളുമൊക്കെ വീണ വാങ്ങാറുണ്ട്.
കുട്ടികള്‍ പലപ്പോഴും ആദ്യത്തെ കൗതുകം കഴിഞ്ഞാല്‍ ഇത് വലിച്ചെരിയുമെന്നാണ് ഷാജഹാന്‍റെ സങ്കടം. അവര്‍ കൂടുതല്‍ ശ്രദ്ധവച്ചാല്‍ വളരെ സംഗീതാത്മകമായി ഈ ഉപകരണം വായിക്കാനാവും.
നവംബര്‍-ഫെബ്രുവരി മാസങ്ങളിലാണ് വില്‍പ്പന ഏറ്റവും നന്നായി നടക്കുന്നത്. ഷാജഹാന്‍ കിഴക്കേ നടയുടെ പരിസരത്തുണ്ടാവും. കേരളത്തിലെ മറ്റു ക്ഷേത്രങ്ങളിലും ഷാജഹാന്‍ ഇടയ്ക്ക് പോകാറുണ്ട്. ഉത്തരകേരളത്തിലും തമിഴ്നാട്ടിലും ഷാജഹാന്‍റെ വീണയ്ക്ക് ആവശ്യക്കാരുണ്ട്.
മലയാള ഗാനങ്ങള്‍ വീണയില്‍ വായിക്കുന്നതാണ് ഷാജഹാന്‍റെ ഇഷ്ടം. വയലാറിന്‍റെ ഗാനങ്ങളോടാണ് കൂടുതല്‍ പ്രിയം. പാട്ടുകള്‍ തെരഞ്ഞെടുക്കുന്നതിലും മറ്റും ഭാര്യയാണ് വഴികാട്ടി. പുതിയ ഗാനങ്ങള്‍ പഠിക്കുന്നതിനായി ഓഡിയോ കാസറ്റുകളും വാങ്ങാറുണ്ട്.
വീണവായനയ്ക്ക് ചിലര്‍ പണം വച്ചു നീട്ടാറുണ്ടെങ്കിലും സ്നേഹപൂര്‍വം അത് നിരസിക്കുകയാണ് പതിവ്. തനിക്ക് വില്‍പനയില്‍ നിന്ന് കിട്ടുന്ന കുറച്ചു പണം മതി തന്‍റെ കുടുംബത്തിന്‍റെ നിത്യച്ചെലവുകള്‍ക്ക് എന്ന് ഷാജഹാന്‍ പറയുന്നു.
ഷാജഹാന്‍റെ മൂന്നു പെണ്‍മക്കളെ വിവാഹം കഴിച്ചയച്ചു. അവര്‍ സന്തോഷത്തോടെ കഴിയുന്നു. എന്‍റെ സംഗീതവും എന്‍റെ കുടുംബവുമാണ് എന്‍റെ പ്രചോദനം. എല്ലാറ്റിനും മുകളില്‍ പത്മനാഭസ്വാമിയാണ് എന്‍റെ ജീവിതത്തെ മുന്നോട്ടു നയികുന്നത്.
പത്മനാഭ സ്വാമി ക്ഷേത്രത്തിനുള്ളില്‍ പ്രവേശിച്ച് ദര്‍ശനം നടത്തുകയാണ് ഷാജഹാന്‍റെ ഏറ്റവും വലിയ മോഹം. പത്മനാഭന്‍റെ അനുഗ്രഹങ്ങള്‍ തന്നോടൊപ്പം എന്നും ഉണ്ടാവുമെന്ന് ഷാജഹാന്‍ വിശ്വസിക്കുന്ന ു