ഈ വാദ്യ കലവറ ജോയിയുയുടെ സ്വന്തം

Webdunia
രണ്ടായിരത്തിലധികം സംഗീതോപകരണങ്ങള്‍. പലതും മണ്‍മറഞ്ഞവ. സംഗീതപ്രേമികളുടെ കൈകളില്‍ പോലുമില്ലാത്തവ. ആരും കണ്ടിട്ടും കേട്ടിട്ടും ഇല്ലാത്തവ. ജോയ് എന്ന ജോസഫ് ഫെര്‍ണാണ്ടസിന്‍റെ സംഗീതോപകരണശേഖരത്തില്‍ അപൂര്‍വ്വമായതു മാത്രമല്ല അപത്യപൂര്‍വ്വമായതുമുണ്ട്.

ഭാവഗീതത്തിന്‍റെ ഇംഗ്ളീഷ് പദമായ ലിറിക്ക് എന്ന പദം എവിടെനിന്നു വന്നുവെന്നു ചോദിച്ചാല്‍ ഒരു നിമിഷം ആര്‍ക്കും ഉത്തരം മുട്ടും. ലയര്‍ എന്ന സംഗീതോപകരണമാണതിനു പിന്നിലെന്ന് ഉത്തരം പറയാന്‍ ജോയ്ക്ക് നിമിഷങ്ങള്‍ പോലും വേണ്ട. അത്രമേല്‍ ജ്ഞാനമുണ്ട് ജോയ്ക്ക് തന്‍റെ സ്വത്തിനു മേല്‍.

തിരുവനന്തപുരത്തെ റിസര്‍ച്ച് സെന്‍റര്‍ ഫോര്‍ വേള്‍ഡ് മ്യൂസിക്കല്‍ ഇന്‍സ്ട്രുമെന്‍റ്സിലേക്കൊന്നു ചെന്നു നോക്കുക. വൈവിധ്യത്തിന്‍റെ വിസ്മയഭൂമിയാണവിടം. ബുദ്ധവിഹാരത്തില്‍ മാത്രം കണ്ടു വരാറുള്ള ഡിഡ്ഗരിഡൂസ്, ലിബാഗുമാനിസ് എല്ലാം അവിടെയുണ്ട്.

ഓരോ സംഗീതപകരണത്തിന്‍റെയും നിര്‍മാണവഴി കാലക്രമം അനുസരിച്ച് ജോയ് ഇനം തിരിച്ചിട്ടുണ്ട്. അവയ്ക്ക് കാലക്രമേണ വന്നുഭവിച്ച രൂപാന്തരങ്ങള്‍ ജോയിക്ക് മന:പാഠവുമാണ്.

തനിക്ക് ലഭ്യമായ വിവരങ്ങള്‍ വച്ച് ഉപകരണങ്ങള്‍ മാറ്റിപ്പണിയുകയോ നന്നാക്കുകയോ ഒക്കെ ചെയ്യുന്നുണ്ട് ജോയ്. വിവരണങ്ങളിലൂടെയും സ്കെച്ചുകളിലൂടെയും കിട്ടിയിട്ടുള്ള അറിവുകള്‍ തലമുറകള്‍ക്ക് കാത്തു സൂക്ഷിക്കുന്നു.ബൈബിളില്‍ പരാമര്‍ശമുള്ള ഡേവിഡിന്‍റെ കിന്നരം ജോയ് പുനര്‍നിര്‍മ്മിച്ചിട്ടുണ്ട്.

പണ്ട് ഹാര്‍മോണിയം വായിച്ചിരുന്നത് രണ്ടു പേരാണ്. ഒരാള്‍ കട്ടകള്‍ കൈകാര്യം ചെയ്യുമ്പോള്‍ മറ്റേയാള്‍ ശ്രുതി കൈകാര്യം ചെയ്യും. 60 തരം വീണയുണ്ട്. അതിലൊന്ന് മാത്രമാണ് സരസ്വതി വീണ. ജോയ് തന്‍റെ ജ്ഞാനങ്ങള്‍ മറച്ച് വയ്ക്കുന്നില്ല.

ഉപകരണങ്ങളുടെ സമാഹരണവും പുനര്‍നിര്‍മ്മിതിയും മാത്രമാണ് ജോയ് നടത്തുന്നത് എന്നു കരുതരുത്. ഏതുപകരണവും വായിക്കാനുള്ള കഴിവുണ്ട് ജോയിയ്ക്ക്. മന്ത്രമധുരമായി സ്വരസ്ഥാനങ്ങള്‍ മീട്ടാനനുമറിയാം.

ലോകറെക്കോര്‍ഡുകളുടെ ഗിന്നസ് ബുക്കില്‍ കയറിപ്പറ്റുകയാണ് ജോയ്യുടെ ഉദ്ദേശ്യം. മാത്രവുമല്ല ഈ ഉപകരണങ്ങള്‍ നാശോന്മുഖമാകാതിരിക്കാന്‍ ശ്രദ്ധയും കരുതലും വേണം. അതിനുള്ള ഒരുക്കത്തിലുമാണ് ജോയ്.

തിരുവനന്തപുരം എല്‍.എം.എസ്. പരിസരത്തുള്ള വില്‍സ് മെന്‍സ് ഹോസ്റ്റലില്‍ ജോയ് ഉപകരണങ്ങളുടെ പ്രദര്‍ശനം സംഘടിപ്പിച്ചിട്ടുണ്ട്. സംഗീതപ്രേമികള്‍ക്ക് പഴമയെ അറിയാന്‍ ഇതൊരു കനകാവസരമാണ്.