അഗസ്ത്യകൂടം വിളിക്കുന്നു

Webdunia
കാടും മേടും കടന്നുള്ള സാഹസീക യാത്രയ്ക്ക് ഇനി അഗസ്ത്യകൂടത്തിലേക്ക് പോകാം. അത്യപൂര്‍വ ജൈവവൈവിധ്യങ്ങളുടെ കലവറയായ അഗസ്ത്യവനത്തിലൂടെയുള്ള യാത്രയും മലകയറ്റവും ഏതൊരു സഞ്ചാരിക്കും ഹരംപകരുന്നതാണ്. മേഘമേലാപ്പിനെ തൊട്ടുരുമ്മുന്ന അഗസ്ത്യകൂടത്തിന്‍റെ ചുറ്റുവട്ടത്ത് പച്ചപ്പരവതാനി വിരിച്ചിട്ടപോലെയുള്ള തമാലവനങ്ങളാണ്-ഇതാണ് അഗസ്ത്യവനം.

പശ്ഛിമഘട്ടത്തില്‍ ആനമുടി കഴിഞ്ഞാല്‍ ഏറ്റവും പൊക്കമുള്ള ത് (1868 മീറ്റര്‍) അഗസ്ത്യകൂടത്തി നാണ്. നൂറുകണക്കിനു സഞ്ചാരികളാണ് യാത്രയ്ക്കായി ഓരോ വര്‍ഷവും എത്തുന്നത്. വര്‍ഷം കഴിയുന്തോറും സഞ്ചാരികളുടെ എണ്ണം വര്‍ദ്ധിച്ചുവരികയാണെന്ന് വനംവകുപ്പിന്‍റെ കണക്കുകള്‍ വ്യക്തമാക്കുന്നു.

ഇപ്പോള്‍ പേപ്പാറ വന്യജീവി റിസര്‍വില്‍ വരുന്ന അഗസ്ത്യകൂടത്തിലേയ്ക്ക് ബോണക്കാടുവഴിയാണ് യാത്ര അനുവദിക്കുക. രണ്ടുദിവസമാണ് യാത്രയുടെ ദൈര്‍ഘ്യം. ആദ്യദിവസം ബോണക്കാട്ടുനിന്ന് തുടങ്ങുന്ന യാത്ര കാല്‍നടയായി ഏഴുമടക്ക് തേരിയും മുട്ടിടിച്ചാല്‍ തേരിയും കഴിഞ്ഞ് അതിരുമലയിലെ വനംവകുപ്പിന്‍റെ ഡോര്‍മറ്ററിയില്‍ അവസാനിക്കും. അവിടെ രാത്രി വിശ്രമത്തിനുശേഷം പുലര്‍ച്ചെ വീണ്ടും യാത്ര ആരംഭിച്ചാല്‍ നട്ടുച്ചയോടെ പൊങ്കാലപ്പാറയിലും ഒരുമണിക്കൂര്‍കൊണ്ട് അഗസ്ത്യകൂടത്തിനു മുകളിലുമെത്താന്‍ കഴിയും.

ഒരു ദിവസം മേഖലയിലേക്ക് യാത്രചെയ്യുന്ന സഞ്ചാരികളുടെ എണ്ണത്തില്‍ നിയന്ത്രണമുണ്ട്. യാത്രയിലുടനീളം വനംവകുപ്പിന്‍റെ നിര്‍ദ്ദേശങ്ങള്‍ പാലിക്കണം. പ്ളാസ്റ്റിക് കവറുകള്‍, തീപ്പെട്ടി, ആയുധങ്ങള്‍ എന്നിവ അനുവദിക്കില്ല.

വനയാത്രയ്ക്കുള്ള പാസുകള്‍ വൈല്‍ഡ് ലൈഫ് വാര്‍ഡന്‍റെ തിരുവനന്തപുരം ഓഫീസില്‍നിന്ന് ലഭ്യമാകും.