‘അഗ്നിശുദ്ധി‘യ്‌ക്ക് നൂറാം ജന്മദിനം

Webdunia
WDWD
മന്ത്രധ്വനികളുടെ വിശുദ്ധി നിറഞ്ഞു നിന്നിരുന്ന നമ്പൂതിരി ഇല്ലങ്ങളില്‍ ഒരു കാലത്ത് നിറഞ്ഞു നിന്നിരുന്നത് ആരെയും ആശ്ചര്യപ്പെടുത്തുന്ന അനീതികളും അവഗണനകളും ആയിരുന്നു. മറക്കുടയുടെ ഇരുട്ടില്‍ കഴിഞ്ഞിരുന്ന നമ്പൂതിരി സ്‌ത്രീകളുടെ സ്ഥിതി പരമ ദയനീയമായിരുന്നു.

എന്നാല്‍ എല്ലാ കേരളീയ സമുദായങ്ങളിലും ഉണ്ടായ പോലെ നമ്പൂതിരി സമുദായങ്ങളിലും നിരവധി പരിഷ്‌കര്‍ത്താക്കള്‍ ഉണ്ടായി. ഇതില്‍ നമ്പൂതിരി സ്‌ത്രീകളുടെ ഉന്നമനത്തിനായി തൂലികകൊണ്ട് പോരാടിയ എഴുത്തുകാരിയായിരുന്നു ലളിതാംബിക അന്തര്‍ജനം.

കവിതകളുടെ കാല്‍പ്പനിക സൌന്ദര്യ ഭൂമികയില്‍ നിന്ന് അവര്‍ കഥയിലേക്ക് ചുവടുമാറിയപ്പോള്‍ മലയാളത്തിന് ലഭിച്ചത് കഥ കൊണ്ട് വിപ്ലവം നടത്തുവാന്‍ കരുത്തുള്ള ഒരു കഥാകാരിയെയായിരുന്നു. കുട്ടികളെ തൊട്ടിലാട്ടിക്കൊണ്ടും ഉറക്കമുളച്ചും അവര്‍ നാലുകെട്ടുകളിലെ പുകയുന്ന സ്‌ത്രീജീവിതങ്ങളുടെ നെടുവീര്‍പ്പുകള്‍ എഴുതിയപ്പോള്‍ അനുകമ്പയോടെ അത് ഏറ്റുവാങ്ങിയത് ഒരു കാലഘട്ടമാണ്.

നമ്പൂതിരി സമുദായത്തില്‍ വിധവാ വിവാഹത്തിന് അയിത്തമായിരുന്ന കാലത്ത് അവര്‍ വിധവാ വിവാഹം ഇതിവൃത്തമാക്കി നാടകമെഴുതി. യോഗക്ഷേമ സഭ പല വേദികളില്‍ ഈ നാടകം അവതരിപ്പിച്ചു. ഇത് ഉണ്ടാക്കിയ അലയൊലികള്‍ വിവരണാതീതമാണ്.

സ്‌ത്രീ‍കള്‍ സാംസ്‌കാരിക, സാഹിത്യ രംഗങ്ങളിലേക്കു കാര്യമായി കടന്നു വരാതിരുന്ന കാലത്ത് ശക്തമായ കഥകളുമായി രംഗത്തു വന്ന എഴുത്തുകാരിയായിരുന്നു അവര്‍. ഫ്യൂഡല്‍ നമ്പൂതി ഇല്ലങ്ങളുടെ ഏറ്റവും വലിയ നന്മയായിരുന്നു ചര്‍ച്ചകള്‍. നാനാ വിഭാഗങ്ങളില്‍ പെട്ട പണ്ഡിതന്‍‌മാര്‍ ഈ ചര്‍ച്ചകളില്‍ പങ്കെടുത്തിരുന്നു.

സ്വന്തം ഇല്ലത്തില്‍ നടന്നിരുന്ന ഇത്തരം ചര്‍ച്ചകള്‍ ലളിതാംബിയ്‌ക്ക് വളരെയധികം ചിന്തയുടെ വിത്തുകള്‍ പ്രദാനം ചെയ്തു . ഇതിനു പുറമെ ഗാന്ധിയന്‍ ആദര്‍ശങ്ങളും വിശുദ്ധിയും വി‌ടി ഭട്ടതിരിപ്പാടിന്‍റെ നേതൃത്വത്തില്‍ നടന്ന നമ്പൂതിരി സമുദായ നവോത്ഥാനങ്ങളും സ്വസമുദായ പരിഷ്‌കാരങ്ങള്‍ക്ക് കരുത്തേകി.

സ്‌നേഹത്തിന്‍റെ മധുരവും വാത്സല്യത്തിന്‍റെ നന്മയും അവരുടെ കൃതികളില്‍ ദര്‍ശിക്കുവാന്‍ കഴിയും. ഏക നോവലായ ‘അഗ്‌നി‌സാക്ഷി‘ ആത്മീയ ആത്മാവിനെ മുന്‍ നിര്‍ത്തി പ്രവര്‍ത്തിക്കുമ്പോഴുള്ള പെരുമാറുമ്പോള്‍ സ്‌ത്രീ ശരീരത്തിന്‍റെ നിലവിളിയാണ് പറയുന്നത്.

കര്‍ത്തവ്യങ്ങള്‍ നിര്‍വഹിച്ചേ താന്‍ എഴുതിയിട്ടുള്ളൂ‍വെന്ന് ലളിതാംബിക ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്. സ്‌ത്രീ‍ ഉണ്ടായ കാലം മുതല്‍ അവശതകളും വിഷമതകളും അനുഭവിച്ചിരുന്നുവെന്ന് വ്യക്തമായി അറിയുന്ന വ്യക്തിയായിരുന്ന ലളിതാബിക.

സീത മുതല്‍ സത്യവതി വരെയെന്ന ഇതിഹാസ പഠന ഗ്രന്ഥം ഭാരതീയ പുരാണങ്ങളിലെ സ്‌ത്രീകഥാപാത്രങ്ങളുടെ ജീവിതവും വേദനകളും ത്യാഗവും അവഗണനയുമെല്ലാം സ്‌ത്രീപക്ഷത്തു നിന്നു കൊണ്ട് അന്തര്‍ജനം ഇതിലൂടെ വിശകലനം ചെയ്യുന്നു. ചിലര്‍ കെടാവിളക്കുകളാണ്!. ഭൌതിക സാന്നിധ്യം ഇല്ലെങ്കിലും അവരുടെ ആശയങ്ങള്‍ സമൂഹത്തിനെ ശുദ്ധീകരിച്ചുക്കൊണ്ടിരിക്കും. അത്തരത്തിലുള്ള ഒരു കെടാവിളക്കാണ് ലളിതാംബിക.

പ്രിയ എസ്