വി.കെ.എന്‍: ചിരിയുടെ പിതാമഹന്‍

Webdunia
WDWD
ഈ ലോകത്തില്‍ ജീവിക്കണമെങ്കില്‍ അത്യാവശ്യം വേണ്ടതായിട്ടുള്ളത് എന്താണ്?അല്ലെങ്കില്‍ അത്ര അത്യാവശ്യമില്ല എന്ന് തോന്നുന്നത് എന്താണ്?

രണ്ടിനും ഒരു ഉത്തരമാണ് ഉള്ളത്. കണ്ണുകള്‍... അതെ, കണ്ണുകളാണ് നമുക്ക് ഏറ്റം അത്യാവശ്യമായിട്ടുള്ളതും എന്നാല്‍ പലപ്പോഴും ഇല്ലാതിരുന്നെങ്കില്‍ എന്ന് തോന്നുന്നതും. ഒന്നുമേ കണ്ടിട്ടില്ല എന്ന് നടിച്ച് ജീവിക്കുന്നവരുടെ എണ്ണം പെരുകി വരുകയാണ് .

എന്നാല്‍ ഇതെല്ലാം കാണാന്‍ രണ്ടു കണ്ണുകള്‍ പോരാ എന്ന് ആഗ്രഹിച്ചിരുന്ന ഒരു മനുഷ്യനാണ് മറഞ്ഞു പോയത് - വടക്കേ കൂട്ടാല നാരായണന്‍ കുട്ടി നായര്‍!

അതെ വി.കെ.എന്‍ തന്നെ.കണ്ണുകള്‍ തുറന്നു വച്ച് ലോകത്തിന് നേരെ പൊട്ടിച്ചിരിക്കുക. ഒരാള്‍ നമ്മുടെ നേരെ നോക്കി കുറെ നേരം പരിഹാസച്ചിരി ചിരിച്ചാല്‍ എന്തു തോന്നും ? ഒരു ലജ്ജ ഉണ്ടാവില്ലെയ്യ് ?

മനുഷ്യനിലെ കപടതകള്‍ എല്ലാം ഇങ്ങനെ ലജ്ജിച്ച് നിന്നിട്ടുണ്ട്, വി.കെ.എന്‍ എന്ന അതികായനു മുന്നില്‍.

മലയാളത്തിന് ഒരു പുതിയ ശബ്ദകോശംതന്നെ വി.കെ.എന്‍ തന്നു. പയ്യന്‍സ്, സര്‍ ചാത്തു, ചാത്തന്‍സ്, എന്നിങ്ങനെ ആ പദാവലികള്‍ നീളുന്നു. ഈ കഥാപാത്രങ്ങള്‍ സൃഷ്ടിച്ച ചിരിയുടെ മുന്നില്‍ മനുഷ്യായുസ് വളരെ കുറവാണ്.

പിറന്നാള്‍സമ്മാനം എന്ന വി.കെ.എന്‍റെ ആദ്യകഥയില്‍നിന്നും അവസാനകാലത്തെ പ്രമുഖകൃതിയായ സര്‍ ചാത്തു ലീകോക്കില്‍ എത്തുമ്പോഴേക്കും രചനയുടെ വലിയ രാസപരിണാമങ്ങള്‍ വന്നതുകാണാം.

വായനയിലൂടെയും കാലത്തിലൂടെയും നിരന്തരമായി ജാഗ്രതയോടെ കടന്നുപോയ ഒരു സര്‍ഗാത്മകമനസ്സിന്‍റെ സ്വാഭാവികമായ പരിവര്‍ത്തനമായിരുന്നു അത്.

ദേവസ്വംബോര്‍ഡ് ജീവനക്കാരനായി അരീക്കോട് തൃക്ളയൂര്‍ ക്ഷേത്രത്തിലെ ജോലിക്കുശേഷം പത്തുവര്‍ഷത്തോളം നീണ്ട ഡല്‍ഹി വാസത്തിലാണ് വി.കെ.എന്നിന്‍റെ സര്‍ഗ പ്രതിഭ പുതിയ രൂപങ്ങളിലേക്കും ഘടനകളിലേക്കും വ്യാപിക്കുന്നത്.

പയ്യന്‍ കഥകള്‍, സിന്‍ഡിക്കേറ്റ്, ആരോഹണം തുടങ്ങിയ പ്രമുഖമായ കൃതികള്‍ ഡല്‍ഹി ജീവിതത്തിന്‍റെ സര്‍ഗഫലങ്ങളാണ്. മഹാനഗരജീവിതത്തിലെ പൊയ്മുഖങ്ങളും, രാഷ്ട്രീയ-അധികാര-മാധ്യമമേഖലകളിലെ കപടതകളുമെല്ലാം ഈ രചനകളില്‍ വ്യക്തമായി പ്രതിഫലിക്കുന്നു.

കാല-ദേശങ്ങള്‍ വി.കെ.എന്നിന്‍റെ സാഹിത്യലോകത്തെ ബാധിക്കുന്നേയില്ല. നാണ്വാരും, ചാത്തന്‍സുമെല്ലാം സൂര്യനുകീഴിലും അതിനപ്പുറവുമുള്ള എന്തിനെക്കുറിച്ചും സംസാരിക്കാന്‍ സിദ്ധിയുള്ളവരാണ്.


ചിരിയുടെ പിതാമഹന്‍ നടന്നു നീങ്ങി

നിലമുഴുന്ന കര്‍ഷകന്‍ കാളിദാസന്‍റെ മേഘസന്ദേശത്തെക്കുറിച്ചും ലാന്‍സ്കിയുടെ സാമ്പത്തിക ശാസ്ത്രത്തെക്കുറിച്ചും ഓലന്‍ ഉണ്ടാക്കുന്ന രീതിയെക്കുറിച്ചും ആധികാരികമായി സംസാരിക്കും. ഒരിക്കലും ഒരാളിന്‍റെ മുന്നിലും വികെ.എന്നിന്‍റെ കഥാപാത്രങ്ങള്‍ തോല്‍ക്കുന്നില്ല; ആകാശംമുട്ടെ ഉയര്‍ന്നുനില്‍ക്കുന്ന കഥാകാരനെപ്പോലെ തന്നെ.

പ്രേമം കൈകാര്യം ചെയ്യാത്ത നോവലിസ്റ്റാണ് വി.കെ. എന്‍. ജീവിതത്തോട് അടുപ്പം കാണിക്കലല്ല, ജീവിതത്തെ വേര്‍തിരിഞ്ഞു നിന്നു കാണലായിരുന്നു അദ്ദേഹത്തിനിഷ്ടം. അതുകൊണ്ടദ്ദേഹം നായികമാര്‍ക്കൊക്കെ മദ്ധ്യകാല മണിപ്രവാള നായികമാരുടെ മുഖച്ഛായ നല്‍കി.

ഗ്രാമീണരുടെ ദുരിതങ്ങള്‍ കേട്ട പയ്യന്‍ കണ്ണീര്‍ വരാതിരിക്കാനായി ചിരിക്കുന്നു. ചിരി കണ്ണീരിനു മറ സൃഷ്ടിക്കുന്നു. കണ്ണുരുട്ടിയും ചിരിയും ഒന്നാകുമ്പോള്‍ ഹാസ്യം ജീവിത വിശദീകരണവും വ്യാഖ്യാനവുമായി മാറുന്നു. കണ്ണുനീരോ ചിരിയോ എന്ന് വ്യവഛേദിക്കാനാവാത്ത ഹാസ്യം വി.കെ. എന്‍. രചിച്ചു.

സ്വാതന്ത്രലബ്ധിയെ തുടര്‍ന്ന് സര്‍വ്വരംഗങ്ങളിലും അഴിമതിയും സ്വജനപക്ഷപാതവും തലനീട്ടാന്‍ തുടങ്ങിയപ്പോള്‍ തന്നില്‍ നിറയുന്ന ക്രോധത്തെ ആവിഷ്കരിക്കാന്‍ വി.കെ. എന്‍. മുമ്പുണ്ടായിരുന്ന രചന നിയമങ്ങളെ മുഴുവന്‍ അട്ടിമറിച്ചു.

വേണ്ടുവോളം തിന്നും കുടിച്ചും ഉറങ്ങിയും തൃപ്തിയോടെ മരിച്ച പയ്യന്‍ ശവമഞ്ചത്തില്‍ എഴുന്നേറ്റിരുന്ന് ശവവാഹകരോട് -അവിടെയും രാവിലെ ഇഡ്ഡലി തന്നെയല്ലേ- എന്ന് ചോദിച്ചു (കഥ- നിലനില്‍പീയം)

അതാണ് വി.കെ. എന്‍.രാജഭരണത്തിന് പകരം ജനാധിപത്യഭരണം വന്നപ്പോള്‍ സാഹിത്യം വിദൂഷകനില്‍ നിന്ന് വി.കെ. എന്‍. ഏറ്റെടുത്തു. അദ്ദേഹം രാജസേവകന് പുതിയ വ്യാഖ്യാനങ്ങളൊരുക്കി. അതാകുന്നു വി.കെ. എന്‍. സാഹിത്യം.