ലോകമെമ്പാടുമുള്ള കുട്ടികള്‍ക്ക് പ്രിയങ്കരമായ മൗഗ്ളിയുടെ സ്രഷ്ടാവ് ബ്രിട്ടീഷുകാരനായ റുഡ്യാര്‍ഡ് കിപ്ളിംഗ് 1865 ഡിസംബര്‍ 30ന് ബോംബെയിലാണ് ജനിച്ചത്.അദ്ദേഹത്തിന്‍റെ മുംബൈ വസതി ഉടനെ മ്യൂസിയമായി മാറും
ബോംബെയിലെ ജീജിദോയ സ്കൂളിലെ അധ്യാപകനായ ജോണ്‍ ലോക്ക വുഡ് കിപ്ളിംഗിന്‍റെയും ആലീസ് മക് ഡൊണാള്‍ഡിന്‍റെയും മകനായ കിപ്ളിംഗ് തികച്ചും ഒരു ബ്രിട്ടീഷുകാരനായിരുന്നു.
ബ്രിട്ടനില്‍ മൂന്നു തവണ പ്രധാനമന്ത്രിയായിരുന്ന സ്റ്റാന്‍ലി ബാള്‍ഡ്വിനിന്‍റെ ബന്ധു കൂടിയാണ് കിപ്ളിംഗ്.
കുട്ടികളുടെ കഥാകാരനായിട്ടാണ് കിപ്ളിംഗ് അധികവും അറിയപ്പെട്ടിരുന്നത്. 1894 ല്‍ പുറത്തിറക്കിയ ജംഗിള്‍ ബുക്ക്, 1901ലെ കിം, 1892ലെ ഗംഗ ദിന്‍ എന്ന കവിത മുതലായവയാണ് പ്രധാനകൃതികള്‍.
വൈറ്റ് മാന്‍സ് ബര്‍ഡന്‍ എന്ന ഒരു ചൊല്ല് തന്നെ കിപ്ളിംഗ് ഉണ്ടാക്കി. 20-ാം നൂറ്റാണ്ടിന്‍റെ ആദ്യ ദശകത്തില്‍ പ്രശസ്തിയുടെ കൊടുമുടിയില്‍ കിപ്ളിംഗ് എത്തി. 1907 ല്‍ സാഹിത്യത്തിനുള്ള നോബല്‍ സമ്മാനം അദ്ദേഹം നേടി. 1934ല്‍ കവിതയ്ക്കുള്ള ഗോത്തന്‍ബര്‍ഗ് പ്രൈസ് ഡബ്ള്യു.ബി. യേറ്റ്സുമായി പങ്കിട്ടു.
കിപ്ളിംഗിന്‍റെ അമ്മയുടെ സഹോദരി ഇംഗ്ളണ്ടിലുള്ള എഡ്വേഡ്ബേണ്‍ ജോണ്‍സ് എന്ന ഒരു കലാകാരനെയാണ് വിവാഹം കഴിച്ചിരുന്നത്. കപ്ളിംഗിന്‍റെ ആറ് മുതല്‍ 12 വയസ്സു വരെ അദ്ദേഹം ഇംഗ്ളണ്ടില്‍ ബേണ്‍ജോണ്‍സിന്‍റെ കൂടെയായിരുന്നു താമസം.
യുണൈറ്റഡ് സര്‍വ്വീസസ് കോളജിലെ പഠനത്തിന് ശേഷം 1881ല്‍ അദ്ദേഹം ഇന്ത്യയിലെ തന്‍റെ മാതാപിതാക്കളുടെ അടുത്ത് തിരികെയെത്തി. ഇന്ത്യയുടെ ഭാഗമായ ലാഹോറിലായിരുന്നു അവര്‍. അദ്ദേഹം ഒരു പ്രാദേശിക പത്രത്തിന്‍റെ എഡിറ്ററായി സ്ഥാനമേറ്റു. അവിടെ വച്ചാണ് 1883ല്‍ ആദ്യ കവിതാസമാഹാരം പുറത്തു വരുന്നത്.
1880 മധ്യത്തില്‍ കിപ്ളിംഗ് അലഹബാദ് പയനിയര്‍ പത്രത്തിന്‍റെ പ്രതിനിധിയായി ഇന്ത്യയില്‍ കറങ്ങി നടക്കുകയായിരുന്നു. ആ സമയത്താണ് ദ് മാന്‍ ഹൂ വുഡ് ബി എ കിംഗ് എന്ന കൃതി പുറത്തു വന്നത്. അത് പിന്നീട് സിനിമയാക്കുകയും ചെയ്തു.
1890 ല്‍ അദ്ദേഹത്തിന്‍റെ ആദ്യ നോവലായ ദ് ലൈറ്റ് ദാറ്റ് ഫെയില്‍സ് പുറത്തു വന്നു. അദ്ദേഹത്തിന്‍റെ ഈ സമയത്തെ ഏറ്റവും മികച്ച കവിതയായി കരുതപ്പെടുന്നത് ബാലഡ് ഓഫ് ഈസ്റ്റ് ആന്‍റ് വെസ്റ്റാണ്.
1892 ല്‍ കിപ്ളിംഗ് കാരൊളിന്‍ ബാല്‍സ്റ്റയറിനെ വിവാഹം കഴിച്ചു. അടുത്ത നാല് വര്‍ഷം കിപ്ളിംഗും കാരൊളിനും അമേരിക്കയിലാണ് താമസിച്ചത്. 1894ും 95 ലുമായി ജംഗിള്‍ ബുക്ക് രണ്ടു ഭാഗങ്ങളിലായി അദ്ദേഹം പുറത്തിറക്കി.
ഇംഗ്ളണ്ടിലേക്ക് തിരിച്ച കപ്ളിംഗ് 1987ല്‍ ക്യാപ്റ്റന്‍സി കറേജിയസ് എന്ന നോവല്‍ പുറത്തിറക്കുകയും ചെയ്തു. അടുത്ത വര്‍ഷം മുതല്‍ അദ്ദേഹം കുട്ടികള്‍ക്കു വേണ്ടി പുതിയ ഒരു കൃതി രചിക്കുന്നതിനായി ദക്ഷിണാഫ്രിക്കയിലേക്ക് ഇടയ്ക്കിടെ പോകാന്‍ തുടങ്ങി.
അവിടെ വച്ച് സിഡില്‍ റോഡ്സുമായി ചങ്ങാത്തത്തിലാവുകയും അതിന്‍റെ ഫലമായി 1902ല്‍ കുട്ടികളുടെ ക്ളാസിക്കായ ജസ്റ്റ് സോ സ്റ്റോറീസ് ഫോര്‍ ലിറ്റില്‍ ചില്‍ഡ്രണ്‍ പുറത്തിറക്കുകയും ചെയ്തു.
1901- ല്‍ അദ്ദേഹത്തിന്‍റെ മറ്റൊരു കൃതിയായ കിം പുറത്തു വന്നിരുന്നു. കിപ്ളിംഗിന്‍റെ കവിതകളില്‍ 1892ല്‍ പുറത്തിറങ്ങിയ ഗംഗ ദിന്‍, 1899 ല്‍ പുറത്തിറങ്ങിയ ദ വൈറ്റ് മാന്‍സ് മാന്‍സ് ബര്‍ഡന്‍ തുടങ്ങിയവയാണ് പ്രമുഖം.
1915 ല്‍ കിപ്ളിംഗിന് ദുരന്തം അഭിമുഖീകരിക്കേണ്ടി വന്നു. ലൂസ് യുദ്ധത്തില്‍ അദ്ദേഹത്തിന്‍റെ മൂത്ത മകനായ ജോണ്‍ മരിച്ചു.
1930 കള്‍ വരെ കിപ്ളിംഗ് അദ്ദേഹത്തിന്‍റെ രചന തുടര്‍ന്നു കൊണ്ടിരുന്നു. പക്ഷേ അദ്ദേഹത്തിന് എഴുത്തിന്‍റെ വേഗതയും വിജയവും കുറഞ്ഞു കൊണ്ടിരിക്കുകയും 1936ല്‍ മസ്തിഷ്കാഘാതം മൂലം മരിക്കുകയും ചെയ്തു.
കിപ്ളിംഗിന്‍റെ ആരാധകരുടെ അഭിപ്രായത്തില്‍ അദ്ദേഹത്തിന്‍റെ കൃതികളിലെ വര്‍ണ്ണവിവേചനം കഥാപാത്രങ്ങളുടെയാണ് , അദ്ദേഹത്തിന്‍റേതല്ല. എന്തിരുന്നാലും കിപ്ളിംഗിന്‍റെ കവിതകള്‍ ജനശ്രദ്ധ ആകര്‍ഷിച്ചു കൊണ്ടേയിരുന്നു. 1943 ല്‍ ടി.എസ്. എലിയറ്റ് എ ചോയ്സ് ഓഫ് കിപ്ളിംഗ്സ്വേഴ്സ് എന്ന പേരില്‍ കിപ്ളിംഗിന്‍റെ പ്രധാനപ്പെട്ട കവിതകള്‍ പുറത്തിറക്കി.
കിപ്പിംഗിന്‍റെ ജംഗിള്‍ ബുക്ക് വാള്‍ട്ട് ഡിസ്നി കന്പനി പല ചിത്രങ്ങളായി പുറത്തിറക്കി.
1939 ല്‍ കിപ്ളിംഗിന്‍റെ ഭാര്യയുടെ മരണശേഷം കിഴക്കന്‍ സസ്സെക്സിലുള്ള അദ്ദേഹത്തിന്‍റെ വീട് നാഷണല്‍ ട്രസ്റ്റിന് ഒഴിഞ്ഞു കൊടുത്തു. ഇപ്പോള്‍ അത് കിപ്ളിംഗിന്‍റെ മ്യൂസിയമായി പ്രവര്‍ത്തിക്കുന്നു.