ഉജ്ജയിനിയെകുറിച്ച് ചര്‍ച്ച

Webdunia
2001
ഒ.എന്‍.വി., എന്‍.പി. മുഹമ്മദ്, എം.ടി. വാസുദേവന്‍ നായര്‍, എം.എം. ബഷീര്‍ എന്നിവര്‍ ഉജ്ജയിനിയെക്കുറിച്ച് സംസാരിക്കുന്നു. (ഡി.സി. ബുക്സ് പ്രസിദ്ധീകരിച്ച ഒ.എന്‍.വി.യുടെ "തെരഞ്ഞെടുത്ത കവിതകളി'ല്‍ നിന്ന്. )

ഒ.എന്‍.വി: പറയാനെന്തോ ഉണ്ടാവുക എന്നിടത്തുനിന്നാണെല്ലാം തുടങ്ങുന്നത്. അപ്പോള്‍ മനസ്സിലുണ്ടാകുന്ന തോന്നലുകളെല്ലാം ചേര്‍ന്ന് ഒരു ലായിനിയുണ്ടാകുന്നു. പിന്നെ ഉയര്‍ന്ന താപനിലയില്‍ ജലാംശം പോയി പരല്‍രൂപം തെളിയുന്നതുപോലെയാണ് മനസ്സില്‍ രൂപത്തെപ്പറ്റിയുള്ള ധാരണ ഉറഞ്ഞുകൂടുന്നത്. കല്പിതകഥയാണ് സംസ്കൃതത്തില്‍ ആഖ്യായിക.

എന്‍.പി: എനിക്ക് തോന്നിയിട്ടുള്ളത്, ആധുനികനോവലിന്‍റെ സങ്കല്പമാണ് കൃതിയിലുള്ളതെന്നാണ്.

ഒ.എന്‍.വി: ഇതിവൃത്തം പഴയതാണ്.

എന്‍.പി: കസാന്‍ദ്സാക്കീസിന്‍റെ "ഒഡീസി'യെപ്പറ്റി പറഞ്ഞല്ലോ. അത് വലിയൊരു കാവ്യമാണ്. എന്നാല്‍ The Last Temptation of Christ പോലുള്ള നോവലുകളുണ്ടല്ലോ - പഴയ ഇതിവൃത്തമുള്ളവ.

എം.ടി.: അതൊക്കെ കലാസൃഷ്ടിയെന്ന നിലയ്ക്ക് സമകാലികവുമാണ്.

എന്‍.പി: സമകാലികമാവുന്നതിന്‍റെ പിറകില്‍ വലിയൊരു യുക്തിയുണ്ട്. മനുഷ്യന്‍ അഭിമുഖീകരിക്കുന്ന മാനസികമായ പ്രതിസന്ധികളുടെ അടിസ്ഥാനഭാവം എക്കാലത്തും സമാനമാണ്.

ബഷീര്‍: സ്പാര്‍ട്ടക്കസ് പോലെ, യയാതിപോലെ.........

എം.ടി : ഇന്നത് മഹാകാവ്യം, ഇന്നത് ഖണ്ഡകാവ്യം അല്ലെങ്കില്‍ നോവല്‍, "നോവെല്ലാ'- ഇതൊക്കെ നമ്മള്‍ സൗകര്യത്തിനു പറയുന്നതല്ലേ?

എന്‍.പി: ജീവിതത്തിന്‍റെ പരിച്ഛേദങ്ങളെടുത്തവതരിപ്പിക്കുന്ന കലാശില്പങ്ങള്‍ എന്നു പൊതുവേ പറയാം. "ഉജ്ജയിനി'യില്‍ ജീവിതത്തിന്‍റെ ഒരു വലിയ കാന്‍വാസ് ഉപയോഗിച്ചിരുന്നു എന്നതാണ് എനിക്കു തോന്നുന്ന പ്രത്യേകത.

എം.ടി: ജീവിതം വലിയൊരു കാന്‍വാസില്‍, ഒരു വലിയകൃതി.

എന്‍.പി: അതിമനോഹരമായ ഒരു മാനുഷികകഥയിലൂടെ സ്വയം രൂപപ്പെടുന്ന കവിതയാണിത്. മാനുഷികതയുടെ അടരുകളൊക്കെ ഭംഗിയായി വന്നിട്ടുണ്ട്.

ബഷീര്‍: വിരസമായ മുഹൂര്‍ത്തങ്ങളോ, രസശുഷ്കമായ വിവരണങ്ങളോ കടന്നുകൂടിയിട്ടില്ലിതില്‍ - ഇടതൂര്‍ന്ന കവിതയാണിത്.

എം.ടി: നമ്മള്‍ ചെറിയചെറിയ കവിതകള്‍ ഉണ്ടാക്കുന്നു. എന്നാല്‍ ഏറെക്കാലം നിലനില്ക്കുന്ന, ആഴത്തില്‍ സ്പര്‍ശിക്കുന്ന() ഒരു അനുഭവം ഉണ്ടാവാന്‍ ഇത്തരം വലിയ കാവ്യങ്ങള്‍ വരണം എന്ന് ഓയെന്‍വിക്ക് തോന്നിയതുകൊണ്ടാണോ.....?

ഒ.എന്‍.വി: തീര്‍ച്ചയായും. ജീവിതത്തിന്‍റെ ഇടവഴികളില്‍ കണ്ട ഇത്തിരിപ്പൂവിനെപ്പറ്റിയും വളപ്പൊട്ടുകളെപ്പറ്റിയും കൈവെള്ളയിലെടുത്തു വച്ച മുത്തിനെപ്പറ്റിയുമൊക്കെ എത്രയോ എഴുതി. അപ്പോള്‍ കവിതയെ രാജരഥ്യകളിലേക്ക് കൊണ്ടു പോകണമെന്നൊരു തോന്നല്‍-.


എന്‍.പി: മനുഷ്യമനസ്സിനെ ഉദയവികാസങ്ങളൊപ്പിയെടുക്കാനുള്ള ശ്രമമായി അത്. ഒ.എന്‍.വി: കവിതയെ ആഖ്യായികയുടെ സാദ്ധ്യതകളിലേക്ക് പാകപ്പെടുത്തിയെടുക്കാനുള്ള ഒരു ശ്രമംകൂടി.

എല്‍.പി: ആഖ്യാനകല പലേ പരിവര്‍ത്തനങ്ങളും കടന്ന് സൂക്ഷ്മതലങ്ങളിലേക്ക് പോയിട്ട് ഇന്നിപ്പോള്‍ സാധാരണക്കാര്‍ക്കും മനസ്സിലാവുന്ന രീതിയില്‍ ഗ്രാമഭാഷയിലേക്ക് വഴിമാറി വന്നിട്ടുണ്ട്.

എം.ടി: കഥപറയല്‍ പഴയ oral tradition ന്‍റെ തിരിച്ചുവരവ്.

എന്‍.പി: അതിന്‍റെ സ്വഭാവം ഈ കൃതിയില്‍ വന്നിട്ടുണ്ട്.

എം.ടി: ഇപ്പോള്‍ മാജിക്കല്‍ റിയലിസത്തിന്‍റെ വക്താക്കളായ സ്പാനിഷ് എഴുത്തുകാരുണ്ടല്ലോ-അവര്‍ തുടങ്ങുന്നത് സെര്‍വാന്‍റോ (Cerventes) യില്‍ നിന്നാണ്. ഡോണ്‍ ക്വിക്സോട്ടില്‍ ആഖ്യാനകലയുടെ ഗ്രാമീണപാരന്പര്യമാണുള്ളത്. ആ പരന്പര്യം തന്നെയാണ് ഇന്നും പല സ്പാനിഷ് എഴുത്തുകാരും പോര്‍ത്തുഗീസെഴുത്തുകാരും തുടരുന്നത്.

ബഷീര്‍: ഒരു സംഭവം അല്ലെങ്കില്‍ ഒരാളിനെ ചുറ്റിപ്പറ്റിയുള്ള കുറേ സംഭവങ്ങള്‍ പലരുടെ കാഴ്ചപ്പാടില്‍ അവതരിപ്പിക്കുന്ന പുതിയ സങ്കേതങ്ങളുണ്ടല്ലോ-ജപ്പാനീസ് കൃതിയായ In the Grove (കുറസോവ റൊഷമണ്‍ എന്ന ചലച്ചിത്രമാക്കിയത്) തുടങ്ങിയവ. വാസ്തവത്തിലതിന് "ബൈബിള്‍ പുതിയ നിയമ'ത്തിലെ ആഖ്യാന ശൈലിയിലല്ലേ അടിവേരുള്ളത്?-ഒരു കഥാനായകന്‍റെ ജീവിതം പലരുടെ കാഴ്ചപ്പാടിലൂടെ അല്ലെങ്കില്‍ ഓര്‍മ്മയിലൂടെ തെളിഞ്ഞുവരുന്ന രീതി.

എം.ടി: ജോണ്‍ ബാര്‍ത്ത് എന്ന പുതിയ എഴുത്തുകാരന്‍ കഥയെപ്പറ്റി പറയുന്നത് " fit for the tape, print and broadcast എന്നാണ് . ഇതിനൊക്കെ കഥ പാകമാവണം;

എന്‍.പി: വാമൊഴി (oral tradition), ), വരമൊഴി(script), ), അച്ചടി, ശബ്ദലേഖനം-എന്നിങ്ങനെ മാധ്യമത്തിലുണ്ടായ മാറ്റങ്ങള്‍ സര്‍ഗ്ഗാത്മകസാഹിത്യത്തെ എങ്ങനെയെല്ലാം ബാധിച്ചു എന്നത് ഇനിയും കൂടുതല്‍ പഠിക്കാന്‍ വകയുള്ള ഒരു വലിയ വിഷയമാണ്.

ബഷീര്‍: Raymond Federman എഴുതിയSurfiction - Fiction Now and Tomorrow എന്ന പുസ്തകത്തില്‍ കഥയുള്‍പ്പൈടെ എല്ലാ സാഹിത്യരൂപങ്ങളും നിരൂപണത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്നു എന്നു പറയുന്നു; നിരൂപണം സര്‍ഗ്ഗാത്മകതയിലേക്കും; ഭാവിയിലെ കഥ അര്‍ത്ഥരഹിതവും അയഥാര്‍ഥവുമായിരിക്കുമെന്നും....

എം.ടി: Surfiction എന്നൊരു കഥതന്നെയുണ്ട്.

എന്‍.പി: ജോണ്‍ വൈഡ്മാന്‍റെ ഫിക്ഷന്‍ എന്ന മിഥ്യയെ പരിഹസിക്കുകയാണ് ആ കഥ.

ബഷീര്‍: Surfiction എന്നത് superfiction തന്നെ. എല്ലാ സാഹിത്യരൂപങ്ങളും ഒരു തരം സംവാദമായിത്തീരുന്നു.

എം.ടി: ക്ളാസിക്കല്‍ രൂപങ്ങള്‍ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമം പൊതുവേയുണ്ട്. കുറച്ചു മുന്പ് ഡല്‍ഹിയില്‍ ഏതാനും ഫ്രഞ്ച് എഴുത്തുകാരും ഇന്ത്യന്‍ എഴുത്തുകാരും ചേര്‍ന്നൊരു ചര്‍ച്ച ഉണ്ടായി. ഫ്രാന്‍സില്‍ നിന്ന് മൂന്നു നിരൂപകരും രണ്ടു നോവലിസ്റ്റുകളും ഞാനും പങ്കെടുത്തിരുന്നു. "ആഖ്യാനകല'യുടെ തിരിച്ചുവരവായിരുന്നു ചര്‍ച്ചാവിഷയം.

നല്ല നോവലുകളുണ്ടാവുന്നുണ്ടെങ്കിലും വായനക്കാര്‍ അതില്‍ നിന്നെല്ലാമകന്നു പോകുന്നു. എഴുത്തുകാരാവട്ടെ, ലധബയഫണ ഭടററടളധമഭ - ലേക്ക് തിരിച്ചുവരുന്നു. ഇതായിരുന്നു ഫ്രഞ്ച് എഴുത്തുകാര്‍ അവിടെ പറഞ്ഞത്. ഇതു ഉദാഹരിക്കാന്‍ പാകത്തിന് ചില കഥകള്‍ അവരവിടെ വായിക്കുകയുമുണ്ടായി. എനിക്കു തോന്നുന്നത് തമറബ ന്‍റെ കാര്യത്തില്‍ നിരന്തരമായ ഒരസ്വാസ്ഥ്യം, മാറ്റത്തിനുള്ള ശ്രമവുംഎഴുത്തുകാര്‍ക്കിടയിലുണ്ടെന്നാണ്. നമുക്ക് പണ്ടുണ്ടായിരുന്ന ഒരുതരം തമറബഫണലല തമറബ ല്‍ നമ്മള്‍ ചെന്നുനിന്നെന്നു വരാം.


ഒ.എന്‍.വി: വരച്ച വരയിലൂടെ നടക്കുകയാണല്ലോ. നാം നടക്കുന്പോള്‍ വര തെളിയുകയാണ് - ഈയവസ്ഥയല്ലേ ഉണ്ടാവുന്നത്? ഉണ്ടാവേണ്ടതും?

എം.ടി. നമ്മള്‍ കഥയെഴുതുന്നു; കവിതയെഴുതുന്നു. അപ്പോള്‍ നമ്മുടെ ശക്തിയെന്താണ് നമ്മുടെ സൗഭാഗ്യമെന്താണ് എന്നാലോചിച്ചിട്ടുണ്ടോ? നമുക്കൊരു സാങ്കേതിക നിയമവും ബാധകമല്ലാ എന്ന തരത്തില്‍ നമ്മുടെ നിയമങ്ങള്‍ നാം തന്നെ സൃഷ്ടിക്കുന്നു. അത് തന്നെ.

എന്‍.പിForm നെപറ്റിയും themeനെപ്പറ്റിയുമൊക്കെ നിര്‍വചനങ്ങളില്‍ നിന്നും നിരൂപണങ്ങളില്‍നിന്നും നാമൊരുപാട് സംഗതികള്‍ പഠിച്ചിട്ടുണ്ടാവും. ആ സംഗതികള്‍ക്കനുസരിച്ച് കവിതയോ നോവലോ എഴുതാന്‍ പറ്റുമോ? പൊട്ടക്കൃതികളായിരിക്കും അവ.

എം.ടി: Narrative നെ സംബന്ധിച്ചു പറഞ്ഞാല്‍ - ആരും സങ്കല്‍പ്പിക്കുക പോലും ചെയ്യാത്ത സാങ്കേതങ്ങളും ചിലര്‍ ധൈര്യത്തോടെ പരീക്ഷിച്ചിട്ടുണ്ട്. നിഘണ്ടുവിന്‍റെ രൂപത്തിലൊരു നോവല്‍ വന്നിട്ടുണ്ട്. The Dictionary of Khazars അക്ഷരമാലക്രമത്തിലാണ് കാര്യങ്ങള്‍. എല്ലാം കൂടി വായിക്കുന്പോള്‍ കുറേ കഥാപാത്രങ്ങളും ഒരു കഥയും രൂപപ്പെടുന്നു.

ബഷീര്‍: നിങ്ങള്‍ മൂന്നുപേരും സര്‍ഗ്ഗാത്മകസാഹിത്യകാരന്മാരാണ്. നിങ്ങള്‍ക്ക് അങ്ങനെ ചിന്തിക്കാതിരിക്കാന്‍ പറ്റുമോ?

എം.ടി: നമുക്കു സ്വീകാര്യമായ-

എന്‍.പി: ഉചിതമായ-

എം.ടി: ഏതു വിഷയവും ഏതു ഫോമും സ്വീകരിക്കുക എന്നതാണ് ചെയ്യാവുന്നത്.

ഒ.എന്‍.വി: form ഇന്നതരത്തിലായില്ലല്ലോ എന്ന് വേവലാതിപ്പെടാതിരിക്കുക.

എം.ടി: ഏറ്റവും വലിയ വെല്ലുവിളിയായി എനിക്കു തോന്നിയിട്ടുള്ളത് ഫോം ഇല്ലാത്ത ഒരു ഫോം ഉണ്ടാക്കുകയാണ്. അതത്ര എളുപ്പമല്ല!

ബഷീര്‍: അത് സ്വാഭാവികമായി ഉരുത്തിരിഞ്ഞുവരണം.

എം.ടി: എഴുത്തുകാരന് മൂന്ന് മുഖ്യപ്രശ്നങ്ങളാണുള്ളത്. ഒന്ന്, ആവശ്യമായ പുതിയ സാമഗ്രികള്‍ ശേഖരിക്കുക. കീഴടക്കുക എന്നതുതന്നെ. തന്‍റെ ക്രാഫ്റ്റില്‍ അവയൊരുക്കുക - എളുപ്പമല്ല അത്. മൂന്നാമത്തേത് ഈ ജീവിത കോലാഹലങ്ങളുടെ മദ്ധ്യത്തിലാണ് കവിയോ കാഥികനോ എഴുതുന്നത്. ചുറ്റുമുള്ള കോലാഹലങ്ങളോടു മത്സരിച്ചുകൊണ്ടാണ് നാം നമ്മുടെ ചെറിയ ശബ്ദം കേള്‍പ്പിക്കുന്നത്. ഉപഭോക്കൃതസംസ്കാരത്തിന്‍റെയും, വാണിജ്യവല്‍ക്കരണത്തിന്‍റെയും കറപുരണ്ട, കരിപുരണ്ട കാലത്തിന്‍റെ ചുമരിന്മേലാണ് നാം നമ്മുടെ അക്ഷരങ്ങള്‍ കുറിച്ചിടുന്നത്. സമൂഹത്തിലെ പലേ ശബ്ദജാലങ്ങള്‍ക്കുമിടയില്‍ എഴുത്തുകാരന്‍ അവന്‍റേതായ ശബ്ദം വേറിട്ടു കേള്‍പ്പിക്കുന്നു. അത് കേള്‍പ്പിക്കുവാന്‍ കഴിയുക എന്നതാണ് മൂന്നാമത്തെ പ്രശ്നം.

എന്‍.പി: അതിനയാള്‍ക്ക് idiosyncrasy (പ്രത്യേകമായൊരു മനോഘടന) ഉണ്ടായിരിക്കണം. അല്ലെങ്കില്‍, "പാത്തുമ്മായുടെ ആട്' പോലെ ഒരു കൃതിയുണ്ടാവുന്നതെങ്ങനെ? എഴുത്തുകാരന്‍റെ ഈ പ്രത്യേക മനോഘടനയനുസരിച്ച് രൂപപ്പെടുന്നതാണ് അയാളുടെ കൃതിഘടന- ഒ.എന്‍.വിയെ സംബന്ധിച്ചും "ഉജ്ജയിനി:യെ സംബന്ധിച്ചുമുള്ള വസ്തുത അതാണ്. ഞാനിതിനെ ഒരു കാവ്യസൃഷ്ടി എന്നു വിളിക്കുന്നു.

എം.ടി: സൃഷ്ടിയാണ് എന്നതാണ് പ്രധാനം. ഒരു സൃഷ്ടി- ഒരു creative work.