മമ്മൂട്ടിയും സഖാവ്, ചെങ്കൊടി ഉയര്‍ത്തി തീപ്പൊരി കഥാപാത്രം!

Webdunia
വ്യാഴം, 20 ഏപ്രില്‍ 2017 (13:51 IST)
കമ്യൂണിസം രക്തത്തില്‍ കലര്‍ന്ന കഥാപാത്രങ്ങളെ കേന്ദ്രമാക്കി സിനിമകള്‍ സൃഷ്ടിക്കപ്പെടുന്ന കാലമാണല്ലോ. ഒരു മെക്സിക്കന്‍ അപാരതയും സഖാവും വന്നുകഴിഞ്ഞു. സി ഐ എ(കോമ്രേഡ് ഇന്‍ അമേരിക്ക) ഉടന്‍ വരാനിരിക്കുന്നു.
 
മമ്മൂട്ടിയും അദ്ദേഹത്തിന്‍റെ കരിയറില്‍ ചില കമ്യൂണിസ്റ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. ഐ വി ശശിയുടെ അടിമകള്‍ ഉടമകള്‍ അതിലൊന്നാണ്. മറ്റൊന്ന് ടി എസ് സുരേഷ്ബാബു സംവിധാനം സ്റ്റാലിന്‍ ശിവദാസ് ആണ്.
 
1999ല്‍ പുറത്തിറങ്ങിയ സ്റ്റാലിന്‍ ശിവദാസ് ഒരു മികച്ച സൃഷ്ടിയായിരുന്നില്ല. ലാല്‍‌സലാം, രക്തസാക്ഷികള്‍ സിന്ദാബാദ് തുടങ്ങിയ സിനിമകളുടെ ചുവടുപിടിച്ച് മമ്മൂട്ടിക്ക് ഒരു കമ്യൂണിസ്റ്റ് കഥാപാത്രത്തെ സമ്മാനിക്കുകയായിരുന്നു സംവിധായകന്‍. കഥയും പശ്ചാത്തലവുമെല്ലാം മോശമായിരുന്നെങ്കിലും സ്റ്റാലിന്‍ ശിവദാസ് എന്ന കഥാപാത്രമായി മമ്മൂട്ടി തിളങ്ങി.
 
‘ഹിറ്റ്ലറെ സ്വീകരിച്ച ജനതയ്ക്ക് മുന്നില്‍ സ്റ്റാലിനും’ എന്ന രീതിയിലുള്ള പരസ്യവാചകങ്ങള്‍ക്കൊന്നും സ്റ്റാലിന്‍ ശിവദാസ് എന്ന സിനിമയെ രക്ഷിക്കാനായില്ല. ആ സിനിമ മുന്നോട്ടുവച്ച ആശയത്തോട് ജനങ്ങള്‍ അകല്‍ച്ച പാലിച്ചപ്പോള്‍ സിനിമ വീണു. പക്ഷേ ഇന്നും സ്റ്റാലിന്‍ ശിവദാസായി മമ്മൂട്ടി നടത്തിയ പ്രകടനം ഏവരുടെയും ഉള്ളില്‍ നില്‍ക്കുന്നുണ്ട്.
 
മധു, നെടുമുടി വേണു, ജഗദീഷ്, മധുപാല്‍, ശങ്കര്‍, എന്‍ എഫ് വര്‍ഗീസ്, ടി പി മാധവന്‍, ക്യാപ്ടന്‍ രാജു തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ഖുശ്ബുവായിരുന്നു നായിക. 
Next Article