പ്രിയദര്‍ശന് തൃപ്തിയായില്ല, ഒടുവില്‍ അശോകന്‍റെ ഇടം‌കൈ പ്രയോഗം; മോഹന്‍ലാല്‍ ചിത്രം സൂപ്പര്‍ഹിറ്റ്!

Webdunia
വ്യാഴം, 24 നവം‌ബര്‍ 2016 (19:27 IST)
കാലം 1994. തന്‍റെ പുതിയ സിനിമയ്ക്ക് പ്രിയദര്‍ശന്‍ ഒരു നല്ല പേരന്വേഷിച്ച് നടക്കുന്ന സമയം. പതിവുരീതികളില്‍ നിന്ന് വ്യത്യസ്തമായി തീര്‍ത്തും ഉള്‍ഗ്രാമത്തിന്‍റെ കഥപറയുന്ന, ഒരു നാടോടിക്കഥയുടെ ലാളിത്യമുള്ള സിനിമയാണ്. അപ്പോള്‍ കേള്‍ക്കുന്ന പേരിനും നല്ല ഇമ്പവും മധുരവും വേണം.
 
അങ്ങനെയിരിക്കെയാണ് ഫാസിലിന്‍റെ മണിച്ചിത്രത്താഴിലെ ഒരു ഗാനം പ്രിയദര്‍ശനെ വല്ലാതെ ആകര്‍ഷിക്കുന്നത്. ‘പലവട്ടം പൂക്കാലം’ എന്ന ആ പാട്ട് മധുമുട്ടം എഴുതിയതാണ്. അതിലെ അവസാനവരികള്‍ പ്രിയന്‍ വീണ്ടും വീണ്ടും ശ്രദ്ധിച്ചു.
 
“കൊതിയോടെ ഓടിപ്പോയ്‌ പടിവാതിലില്‍ ചെന്നെന്‍ 
മിഴിരണ്ടും നീട്ടുന്ന നേരം
നിറയെ തളിര്‍ക്കുന്നു പൂക്കുന്നു കായ്ക്കുന്നു 
കനവിന്‍റെ തേന്‍‌മാവിന്‍ കൊമ്പ്
എന്‍റെ കരളിലെ തേന്‍‌മാവിന്‍ കൊമ്പ്”
 
ആ വരികളില്‍ ഒളിഞ്ഞുകിടക്കുന്നില്ലേ തന്‍റെ പുതിയ സിനിമയ്ക്കുള്ള പേരെന്ന് പ്രിയദര്‍ശന് സംശയം. ഒടുവില്‍ അവസാനവരിയില്‍ നിന്ന് പ്രിയന്‍ പേര് കണ്ടെടുത്തു - തേന്‍‌മാവിന്‍ കൊമ്പത്ത്!
 
ഗായത്രി അശോകനെയാണ് സിനിമയുടെ പരസ്യകല ഏല്‍പ്പിച്ചിരുന്നത്. ‘തേന്‍‌മാവിന്‍ കൊമ്പത്ത്’ എന്ന പേര് പ്രിയന്‍ അശോകന് നല്‍കി. അശോകന്‍ പല രീതിയില്‍ ഈ പേര് ഡിസൈന്‍ ചെയ്തു. എന്നാല്‍ അതൊന്നും പ്രിയദര്‍ശന് ഇഷ്ടമായില്ല. കുറഞ്ഞത് മുപ്പത് തവണയെങ്കിലും അശോകന്‍ ഈ ടൈറ്റില്‍ പല രീതിയില്‍ ഡിസൈന്‍ ചെയ്ത് കാണിച്ചുകൊടുത്തു. എന്നാല്‍ പ്രിയന് തൃപ്തിവന്നതേയില്ല.
 
അശോകന് ക്ഷമകെട്ടു. ഇനിയെന്ത് ഡിസൈന്‍ ചെയ്യണമെന്ന് ആലോചിച്ചുകൊണ്ട് അശോകന്‍ പ്രിയന് മുമ്പിലിരുന്നു. അലസമായി ഇടതുകൈകൊണ്ട് ‘തേന്‍‌മാവിന്‍ കൊമ്പത്ത്’ എന്നെഴുതി. അതുകണ്ട് പ്രിയദര്‍ശന്‍ ചാടിയെഴുന്നേറ്റു. ഗായത്രി അശോകന്‍ ഇടതുകൈകൊണ്ടെഴുതിയ ആ പേര് പ്രിയദര്‍ശനെ വല്ലാതെ ആകര്‍ഷിച്ചു. അതുതന്നെ ടൈറ്റില്‍ ഡിസൈന്‍ ആയി നിശ്ചയിച്ചു.
 
തേന്‍‌മാവിന്‍ കൊമ്പത്ത് വന്‍ ഹിറ്റായി. അത്രയും വലിയ വിജയത്തിനുള്ള ഒരു കാരണം ആ പേരിന്‍റെ മനോഹാരിതകൂടിയായിരുന്നു.
Next Article